ന്യൂഡൽഹി: മെറ്റയുടെ പ്രധാന മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പില്‍ പ്രശ്നം നേരിട്ടതായി വ്യാപക പരാതി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്കാണ് വാട്സാപ്പ് സേവനങ്ങളുടെ തടസ്സം നേരിട്ടത്. വാട്‌സാപ്പില്‍ പലര്‍ക്കും സ്റ്റാറ്റസുകള്‍ ഇടാനോ, ഗ്രൂപ്പുകളില്‍ മെസേജുകള്‍ അയക്കാനോ കഴിയുന്നില്ല. മൊബൈൽ ആപ്ലിക്കേഷനിലും വെബ് പ്ലാറ്റ്‌ഫോമിലും ഒരുപോലെ പ്രശ്നങ്ങൾ നേരിട്ടത് ആശയ വിനിമയ ശൃംഖലയിൽ വലിയ ആശങ്കകള്‍ക്ക് വഴിവെച്ചു.
ഡൗണ്‍ഡിറ്റക്റ്ററില്‍ അനേകം പരാതികള്‍ ഇത് സംബന്ധിച്ച് വാട്‌സാപ്പ് ഉപയോക്താക്കളില്‍ നിന്ന് കഴിഞ്ഞ ഒരു മണിക്കൂറിനുള്ളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ വൈകുന്നേരം 4:15 ഓടെയാണ് തകരാർ സംബന്ധിച്ച റിപ്പോർട്ടുകൾ വർദ്ധിക്കാൻ തുടങ്ങിയത്. മൂന്നു മണിക്കൂറോളമാണ് പലർക്കും വാട്ട്സാപ്പ് തടസ്സപ്പെട്ടത്. എന്നാല്‍ എന്ത് പ്രശ്നമാണ് വാട്‌സാപ്പിനെ ബാധിച്ചിരിക്കുന്നത് എന്ന് മെറ്റ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
രാജ്യത്ത് ഇന്ന് പകല്‍ യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തടസപ്പെട്ടതിന് പിന്നാലെയാണ് വാട്‌സാപ്പിലും സാങ്കേതിക പ്രശ്നം നേരിടുന്നത്. യുപിഐ ആപ്പുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ഓൺലൈൻ പണമിടപാടുകള്‍ താറുമാറായിരുന്നു. ഫോണ്‍പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം കൈമാറ്റം നടക്കുന്നില്ലെന്നാണ് പരാതി ഉയർന്നത്. ഒരു മാസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് വ്യാപകമായി യുപിഐ സേവനങ്ങളിൽ തടസം നേരിട്ടത്.