കൊടുവള്ളി: മഹാശിലായുഗ സംസ്കാരത്തിന്റെ അവശേഷിപ്പുകളിൽ ഏറെ ശ്രദ്ധേയമായി കൊടുവള്ളിയിൽ നിലകൊള്ളുന്ന കുടക്കല്ല് അപകടാവസ്ഥയിൽ. വീട് നിർമ്മാണത്തിനായി സമീപത്തുകൂടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുത്തതാണ് മോഡേൺ ബസാർ കുടക്കല്ലുമ്മലിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുപറമ്പിൽ സ്ഥിതിചെയ്യുന്ന കുടക്കല്ലിന്റെ നിലനിൽപ്പിന് ഭീഷണിയായിരിക്കുന്നത്. മഴക്കാലത്ത് മതിലിടിഞ്ഞാൽ കുടക്കല്ല് താഴെ പതിച്ച് തകർന്ന് നാമാവശേഷമായിപ്പോകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
പൂർണമായും ചെങ്കല്ലിൽ നിർമ്മിച്ച കുടക്കല്ലിന്റെ ചരിഞ്ഞ കുത്തുകല്ലുകൾക്ക് തറ നിരപ്പിൽ നിന്ന് 1.30 മീറ്റർ ഉയരമുണ്ട്. അടിഭാഗത്ത് 1.70 മീറ്റർ വീതിയുള്ള കല്ലുകൾക്ക് 30സെൻ്റീ മീറ്ററാണ് ശരാശരി കനം. ഇതിന്റെ നാല് കുത്തുകല്ലുകളിൽ രണ്ടെണ്ണം വീണു കിടക്കുന്ന നിലയിലാണ്. അതിനാൽ ഇതിന്റെ മുകളിൽ വെച്ച മൂടിക്കല്ലും ചെരിഞ്ഞാണ് കിടക്കുന്നത്. 2.55 മീറ്ററാണ് വൃത്താകൃതിയിലുള്ള മൂടിക്കല്ലിന്റെ വ്യാസം. ഇതിന് 70 സെന്റിമീറ്ററോളം കനമുണ്ട്. ഇത് ചരിഞ്ഞു വീണതൊഴിച്ചാൽ വലിയ കേടുപാടുകൾ സംഭവിക്കാതെയാണ് കുടക്കല്ല് നിലനിൽക്കുന്നത്.
കാടുപിടിച്ച് ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്ന കുടക്കല്ല് പുരാവസ്തു ഗവേഷകനും കൊടുവള്ളി സ്വദേശിയുമായ കെ.കെ. മുഹമ്മദ് 1976-ൽ കണ്ടെത്തി പുറം ലോകത്തെ അറിയിക്കുകയായിരുന്നു. മുൻപ് തൊട്ടടുത്ത പ്രദേശമായ വെണ്ണക്കാട് മദ്രസയ്ക്ക് സമീപവും കുടക്കല്ലുണ്ടായിരുന്നെങ്കിലും അത് വീടു നിർമ്മാണത്തിനായി പിന്നീട് നശിപ്പിച്ചുകളയുകയായിരുന്നു. തൊപ്പിക്കല്ല്, നാട്ടിക്കല്ല് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന മഹാശിലാ യുഗത്തിലെ നിർമ്മിതികളായ കുടക്കല്ലുകൾ മനുഷ്യരുടെ മൃതശരീരം സൂക്ഷിക്കാൻ അക്കാലത്തെ ആളുകൾ നിർമ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്.