ശ്രീനഗർ/കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. എറണാകുളം ഇടപ്പള്ളി മങ്ങാട് നിരഞ്ജനയിൽ എൻ. രാമചന്ദ്രൻ (65) ആണ് മരിച്ചത്. മരണം സ്ഥിരീകരിച്ച് കൊച്ചി പൊലീസിനാണ് ഔദ്യോഗിക വിവരം ലഭിച്ചത്. മുൻ പ്രവാസിയായ രാമചന്ദ്രൻ ഇന്നലെയാണ് കുടുംബത്തോടൊപ്പം ഹൈദരാബാദ് വഴി കശ്മീരിലേക്ക് പോയത്. രാമചന്ദ്രന്‍റെ ഭാര്യ ഷീലയും മകളും മകളുടെ രണ്ട് കുട്ടികളും സുരക്ഷിതരാണെന്ന് ബന്ധുക്കൾ അറിയിച്ചു. മകൻ ബംഗളൂരുവിൽ നിന്ന് കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.
കൊച്ചിയിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ നാവിക സേനാ ഉദ്യോഗസ്ഥനും മരിച്ചിട്ടുണ്ട്. വിനയ് നർവാളാണ് (26) കൊല്ലപ്പെട്ടത്. ആറു ദിവസം മുൻപാണ് വിനയ് നർവാളിന്റെ വിവാഹം നടന്നത്. ഭാര്യയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഭീകരാക്രമണത്തിൽ മൂന്നു വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറ്റലി, ഇസ്രായേൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം.
അതേസമയം, ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ 20 പേർ അനന്ത്നാഗിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്. കൊല്ലപ്പെട്ടവരിൽ ഒരാൾ കർണാടക ശിമോഗ സ്വദേശി മഞ്ചുനാഥ് റാവു (47) ആണ്. വിനോദ സഞ്ചാരികൾ കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. മരണസംഖ്യ ഉയർന്നേക്കുമെന്ന് മുഖ്യമന്ത്രി ഉമർ അബ്ദുല്ല മാധ്യമങ്ങളെ അറിയിച്ചു.