Trending

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിയായ ബസ് ഡ്രൈവർ മരിച്ച നിലയിൽ


മഞ്ചേരി: ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ച കേസിൽ പ്രതിയായ സ്വകാര്യ ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. വേട്ടേക്കോട് പുള്ളിയിലങ്ങാടി കളത്തിങ്ങൽ പടി രവിയുടെ മകൻ കോന്തേരി ഷിജു (37) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം 7ന് ഒതുക്കുങ്ങൽ വെസ്റ്റ് കോഡൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ് ഓട്ടോ ‍ഡ്രൈവറായ അബ്ദുൽ ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതാണ് ഷിജു.

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപം സ്വകാര്യ ലോഡ്ജിലാണ് ഇന്ന് ഉച്ചയോടെ ഷിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ഷിജു ലോഡ്ജിൽ മുറിയെടുത്തത്. ശനിയാഴ്ച ഏറെ നേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ലോഡ്ജ് ഉടമ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. മഞ്ചേരി–തിരൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറാണ്. 

യാത്രക്കാരെ കയറ്റിയതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരുമായി ഉണ്ടായ തർക്കത്തെ തുടർന്നായിരുന്നു അബ്ദുൽ ലത്തീഫ് കുഴഞ്ഞുവീണ് മരിച്ചത്. ഷിജുവിനു പുറമെ ബസിലെ കണ്ടക്ടർക്കും ക്ലീനർക്കും എതിരെയും കേസെടുത്തിരുന്നു. ഷിജുവിന്റെ ഭാര്യ: മിനി. മക്കൾ: അഭിമന്യു, ആദിദേവ്, കാശിനാഥ്.

Post a Comment

Previous Post Next Post