കൊച്ചി: ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിന് അധിക സേവന നിരക്ക് ഈടാക്കിയ അക്ഷയ കേന്ദ്രത്തിന് അയ്യായിരം രൂപ പിഴ ചുമത്തി സംസ്ഥാന അക്ഷയ ഡയറക്ടർ. കോഴിക്കോട് ദേവഗിരി സ്വദേശി.കെ.എ. മനോജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അക്ഷയ ജില്ലാ പ്രോജക്ട് മാനേജരിൽ നിന്ന് റിപ്പോർട്ട് തേടിയ ശേഷമാണ് കലൂരിലെ അക്ഷയ കേന്ദ്രത്തിനെതിരേ നടപടിയെടുത്തത്.
ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ കലൂർ അക്ഷയ കേന്ദ്രം വഴി സമർപ്പിച്ചപ്പോൾ മനോജിനോട് സർവീസ് ചാർജ് ആയി 200 രൂപയാണ് വാങ്ങിയത്. അക്ഷയ കേന്ദ്രത്തിൽ സർവീസ് ചാർജ് പ്രദർശിപ്പിച്ചിരുന്ന ബോർഡിൽ ലൈസൻസ് പുതുക്കൽ സേവനത്തിന് സർവീസ് ചാർജ് 45 രൂപ എന്നാണ് ഉണ്ടായിരുന്നത്. ഇത് ചോദ്യം ചെയ്തതോടെ അക്ഷയ സംരംഭകയും മനോജും തമ്മിൽ വാക്കുതർക്കം ഉണ്ടായി. പണം നൽകിയതിന്റെ രസീത് വാങ്ങി മടങ്ങിയ മനോജ്, ഇതു സംബന്ധിച്ച് പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടർ പരാതിക്കാരനെയും അക്ഷയ സംരംഭകയെയും നേരിൽ കേട്ടിരുന്നു. സർക്കാർ ഉത്തരവ് പ്രകാരമുള്ള സേവന നിരക്കിനു പുറമേ അധിക സർവീസ് ചാർജ് ഈടാക്കിയാൽ അക്ഷയ കേന്ദ്രത്തിനെതിരേ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കുകയും ചെയ്തു.
എന്നാൽ, കളക്ടറുടെ തീരുമാനത്തിൽ തൃപ്തനല്ലെന്നും പരാതിയിലെ വിഷയങ്ങൾ അഭിസംബോധന ചെയ്തില്ലെന്നും ചൂണ്ടിക്കാട്ടി മനോജ്, സംസ്ഥാന അക്ഷയ ഡയറക്ടർക്ക് പരാതി നൽകി. ഇതേ തുടർന്ന് അക്ഷയ ഡയറക്ടർ ഇരു കക്ഷികളെയും ഓൺലൈൻ വഴി നേരിൽ കേട്ടു. ലൈസൻസ് പുതുക്കുന്നതിന് സർവീസ് ചാർജ് ആയി 200 രൂപ വാങ്ങിയതായി അക്ഷയ സംരംഭക സ്ഥിരീകരിച്ചതായി ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
ഈ സേവനത്തിന് സർവീസ് ചാർജ് ആയി 40 രൂപയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും പ്രിന്റിങ്/സ്‌കാനിങ് കൂടി ഉൾപ്പെടുത്തിയാലും പരമാവധി 80 രൂപയാണ് സർവീസ് ചാർജായി ഈടാക്കാൻ കഴിയൂ എന്നും അമിതമായ തുകയാണ് മനോജിൽ നിന്ന് ഈടാക്കിയതെന്നും ഡയറക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.