ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി.സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് കുത്തേൽക്കാതെ രക്ഷപ്പെട്ടു.
ബുധനാഴ്‌ച വൈകീട്ട് മൂന്നോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. ഗൂഡല്ലൂർ ഫയർഫോഴ്‌സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.