കൊച്ചി: ഡാൻസാഫ് പരിശോധക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ. നടി വിൻസി അലോഷ്യസിന്‍റെ പരാതിയിൽ കൊച്ചിയിലെ ഹോട്ടലിൽ ഡാൻസാഫ് സംഘം പരിശോധനക്ക് എത്തിയപ്പോഴാണ് സംഭവം. ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നാണ് ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയത്. ഷൈനിൻ്റെ മുറിയില്‍ നിന്ന് ലഹരി ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നടനെ ഉടൻ കസ്റ്റഡിയിൽ എടുത്തേക്കും. ഷൈന്‍ ഇറങ്ങിയോടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിൽ ഷൈൻ ടോം ചാക്കോക്കെതിരെ ഫിലിം ചേംബറിനും ആഭ്യന്തര പരാതി സമിതിക്കും താരസംഘടനയായ 'അമ്മ'ക്കുമാണ് വിൻസി അലോഷ്യസ് പരാതി നല്‍കിയത്.
ഒന്നിച്ച് അഭിനയിച്ച സിനിമയിലെ നടനില്‍ നിന്ന് മോശം അനുഭവമുണ്ടായെന്നായിരുന്നു നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍. നടന്‍റെ പേരെടുത്ത് പറയാതെയായിരുന്നു വിന്‍സി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചത്. ലഹരി ഉപയോഗിച്ച നടന്‍ തന്നോടും സഹപ്രവര്‍ത്തകരോടും മോശമായി പെരുമാറി. സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടന്നതു കണ്ടതുകൊണ്ട് മാത്രമാണ് സെറ്റില്‍ തുടര്‍ന്നതെന്നും വിന്‍സി പറഞ്ഞു. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന് വിന്‍സിയുടെ പ്രസ്താവനയുണ്ടായിരുന്നു.
''ലൊക്കേഷനില്‍ വെച്ച് എന്‍റെ വസ്ത്രത്തിന്‍റെ ഷോള്‍ഡറിന് ചെറിയൊരു പ്രശ്‌നം വന്നപ്പോള്‍ അടുത്തുവന്നിട്ട് 'ഞാന്‍ നോക്കട്ടെ, ഞാനിത് ശരിയാക്കിത്തരാം' എന്നൊക്കെ നടന്‍ പറഞ്ഞു. മറ്റൊരവസരത്തില്‍ ഒരു സീന്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന്‍റെ വായില്‍ നിന്ന് ഒരു വെള്ളപ്പൊടി പുറത്തേക്കു തുപ്പുന്നത് കണ്ടു. അദ്ദേഹം ലഹരി ഉപയോഗിക്കുന്നുണ്ടെന്നും സെറ്റില്‍ത്തന്നെ അത് ഉപയോഗിക്കുന്നുണ്ടെന്നും എനിക്ക് വ്യക്തമായിരുന്നു'' എന്നാണ് വിൻസി പറഞ്ഞത്. അതേസമയം, വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ എക്സൈസും മൊഴി രേഖപ്പെടുത്തും. പരാതി വാങ്ങി കേസെടുക്കാനാണ് ശ്രമം. കേസെടുത്താൽ പ്രത്യേക സംഘം അന്വേഷിക്കും.