നന്മണ്ട: നന്മണ്ട- നരിക്കുനി റോഡിലെ അമ്പലപ്പൊയിലിൽ വാഹനാപകടങ്ങൾ തുടർക്കഥ. കഴിഞ്ഞ ദിവസം രാത്രി ഇരുചക്ര വാഹനത്തിൽ വരുകയായിരുന്ന നരിക്കുനി പാറന്നൂരിലെ റിട്ട. അധ്യാപകൻ ടി.എ ആലിക്കോയും ഭാര്യയും അപകടത്തിൽപ്പെട്ടു. രാത്രി 8.45-ഓടെ നന്മണ്ട 13-ൽ നിന്ന് വരുന്നതിനിടെയാണ് സംഭവം. നരിക്കുനി ഭാഗത്തു നിന്ന് വന്ന കാർ തെറ്റായ ദിശയിലൂടെ എത്തിയതാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. അധ്യാപകന്റെ തോളെല്ല് പൊട്ടിയതിനാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഈ റൂട്ടിൽ അമ്പലപ്പൊയിലിൽ കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെ 20-ൽ അധികം ചെറുതും വലുതുമായ വാഹനാപകടങ്ങൾ ഉണ്ടായതായി പരിസരവാസികൾ പറയുന്നു. ഇതിൽ പരിക്കേറ്റവരും മരിച്ചവരുമുണ്ട്. സ്കൂളിന് മുൻപിലായിട്ടുപോലും വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ മുന്നറിയിപ്പ് ബോർഡ് ഇല്ല. 10 മീറ്റർ അകലെ സ്കൂളാണെന്ന ദിശാസൂചക ബോർഡുണ്ടെങ്കിലും അത് തുരുമ്പെടുത്തതിനാൽ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടില്ല.
കുട്ടികൾക്കും വയോജനങ്ങൾക്കും റോഡ് മുറിച്ചുകടക്കാനായി സീബ്രാലൈൻ ഉണ്ടായിരുന്നത് മാഞ്ഞുപോയതിനാൽ റോഡ് മുറിച്ചുകടക്കാനും ബുദ്ധിമുട്ടാണ്. സ്കൂൾ തുറക്കാനാകുമ്പോഴക്കെങ്കിലും സീബ്രാലൈൻ വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.