കൊച്ചി: ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി ഉപയോഗിച്ചതിനും ഗൂഢാലോനചയ്ക്കുമാണ് കേസെടുത്തത്. എന്‍.ഡി.പി.എസ് ആക്ട് 27, 29 വകുപ്പുകള്‍ ചുമത്തി. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ 4 മണിക്കൂര്‍ പിന്നിട്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഷൈനെതിരെ ചുമത്തിയത്. നഖവും മുടിയും അടക്കം സാംപിളുകള്‍ പരിശോധിക്കും.
ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്നും ഷൈനിന് ചോദ്യം ചെയ്യലില്‍ സമ്മതിക്കേണ്ടി വന്നു. സജീറിനെ തേടി ഹോട്ടലില്‍ പൊലീസെത്തിയപ്പോഴാണ് ഷൈന്‍ ജനല്‍ വഴി ചാടി രക്ഷപ്പെട്ടത്. ലഹരി ഇടപാടുകാരന്‍ സജീറുമായി ഷൈനിന് സാമ്പത്തിക ഇടപാടും കണ്ടെത്തി. ഇറങ്ങിയോടിയ ദിവസം സജീറുമായി 20,000 രൂപയുടെ ഇടപാട് നടത്തി. ആ ദിവസം ലഹരി ഉപയോഗിച്ചില്ലെന്ന് ഷൈന്‍ മൊഴി നല്‍കി. അന്ന് ലഹരി കൈവശം വച്ചിട്ടില്ലെന്നും ഷൈന്‍ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷൈനിന് ലഹരി പരിശോധന നടത്തുന്നത്.
ഡാന്‍സാഫ് സംഘം ഗുണ്ടകളാണെന്ന് തെറ്റിധരിച്ച് ഇറങ്ങിയോടുകയായിരുന്നെന്നാണ് ഷൈന്‍ പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍ നിരന്തരമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഷൈന്‍ പതറി. ഒടുവില്‍ സജീറുമായുള്ള ബന്ധം സമ്മതിക്കേണ്ടിയും വന്നു. ഷൈനിന്‍റെ വാട്സാപ്പ് ചാറ്റും കോളുകളും ഗൂഗിള്‍പേ അക്കൗണ്ടും പരിശോധിച്ചാണ് പൊലീസ് വഴിവിട്ട ഇടപെടലുകള്‍ ഉറപ്പിച്ചത്. ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യം ചെയ്യലിനു മുന്നില്‍ നടന് പിടിച്ചു നില്‍ക്കാനായില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.