മധുര: എം.എ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇഎംഎസിനുശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളിയാണ് എം.എ ബേബി. കേരളത്തില്‍ നിന്നുള്ള പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായിരുന്നെങ്കിലും അദ്ദേഹം പാര്‍ട്ടി സെന്ററില്‍ നിന്നാണ് ജനറല്‍ സെക്രട്ടറിയായത്. പ്രകാശ് കാരാട്ടാണ് എം.എ ബേബിയുടെ പേര് നിർദ്ദേശിച്ചത്. പിബിയിലെ സീനിയോറിറ്റി കൂടി പരിഗണിച്ചാണ് ബേബിയെ നിർദ്ദേശിക്കുന്നതെന്ന് പാർട്ടി കോഓർഡിനേറ്റർ കൂടിയായ കാരാട്ട് വിശദീകരിച്ചു.
ഇന്ന് രാവിലെ ചേര്‍ന്ന പിബി യോഗത്തിലാണ് എം.എ ബേബിയുടെ പേര് അന്തിമമായി അംഗീകരിച്ചത്. കേന്ദ്ര കമ്മിറ്റി യോഗത്തിൽ എം.എ.ബേബിയുടെ പേര് അംഗീകരിച്ചശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക. വോട്ടെടുപ്പില്ലാതെയാണ് പിബി എം.എ.ബേബിയെ നേതൃസ്ഥാനത്തേക്ക് അംഗീകരിച്ചത്. നേരത്തേ ബേബിയെ എതിർത്ത ബംഗാൾ ഘടകം പിന്നീട് പിന്മാറിയിരുന്നു.
പാർട്ടിയുടെ സാംസ്‌കാരിക ദാർശനിക മുഖമാണ് എം.എ.ബേബി. കൊല്ലം എസ്.എൻ കൊളജിൽ നിന്ന് തുടങ്ങിയ സംഘടനാ പ്രവർത്തനം ഇന്ന് അദ്ദേഹത്തെ ഇന്ത്യയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ അമരക്കാരൻ ആക്കിയിരിക്കുകയാണ്. സീതാറാം യെച്ചൂരിയുടെ പിൻഗാമിയായിട്ടാണ് എം.എ ബേബി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. 2016 മുതല്‍ സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വത്തിലാണ് ബേബിയുടെ പ്രവർത്തനം. 1989 മുതല്‍ സി.പി.എം കേന്ദ്രകമ്മിറ്റിയംഗമാണ്. 2012ലാണ് പോളിറ്റ് ബ്യൂറോയിലെത്തുന്നത്.