പാലക്കാട്: പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു. അലൻ്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവരും വൈകീട്ട് വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു ആനയുടെ ആക്രമണം. കണ്ണാടൻ ചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം ഉണ്ടായത്.
രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. അലൻ്റെ അമ്മയെയാണ് ആദ്യം കാട്ടാന ആക്രമിച്ചത്. ഇതുകണ്ട് അലൻ ഓടിയെത്തിയപ്പോഴേക്കും അലന് നേരെ കാട്ടാന പാഞ്ഞടുത്തു. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അലന്റെ മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. പരിക്കേറ്റ അലന്‍റെ അമ്മയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുണ്ടൂരിൽ നാളെ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു.