Trending

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ അന്തരിച്ചു


വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തു. 88 വയസായിരുന്നു. റോമന്‍ കത്തോലിക്കാ സഭയുടെ 266–ാമത്തെ മാര്‍പാപ്പയായ അദ്ദേഹം ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ്. 2013 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രാജിവച്ചതോടെയാണ് ചുമതലയേറ്റത്. കടുത്ത ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്ന പാപ്പ അടുത്തയിടെയാണ് രോഗവിമുക്തി നേടിയത്. റോമിലെ ബിഷപ് ഹൗസില്‍ വെച്ച് പ്രാദേശിക സമയം പുലര്‍ച്ചെ 7.35 ഓടെയാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു. സഭയിക്കും ദൈവത്തിനുമായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു ആ ജീവിതമെന്നും കര്‍ദിനാള്‍ കെവിന്‍ ഫെറല്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. 

1936 ല്‍ ജനിച്ച പാപ്പ 56 വര്‍ഷം മുന്‍പാണ് വൈദികനായത്. 2001 ല്‍ കര്‍ദിനാളായി. തീര്‍ത്തും ലളിതമായ ജീവിതമാണ് മാര്‍പാപ്പ നയിച്ചത്. പറഞ്ഞതു തന്നെ പ്രവര്‍ത്തിച്ചും പ്രാര്‍ഥിച്ചും ലോക സമാധാനത്തിനായി പാപ്പ നിലകൊണ്ടു. അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച്‌ബിഷപ് ആയിരുന്ന ജോർജ് മാരിയോ ബർഗോളിയോ ഫ്രാന്‍സിസ് മാര്‍പാപ്പയായപ്പോഴും സാധാരണ മുറിയില്‍ കഴിഞ്ഞും മനുഷ്യന്‍റെ കണ്ണീരും വേദനയും ഒപ്പിയും ജീവിതം തുടര്‍ന്നു. വീടുകളില്ലാത്തവരെ ചേര്‍ത്ത് പിടിച്ചും കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ അഭയാര്‍ഥികളെയും ജയിലില്‍ കഴിയുന്നവരെയും ഉള്‍പ്പെടുത്തിയും വലിയ ഇടയന്‍റെ മാതൃക പിന്‍പറ്റി. 

കത്തോലിക്കാ സഭയുടെ  പരമാധ്യക്ഷന്‍ എന്ന പദവിക്കും മുകളിലായി ആഗോളതലത്തില്‍ ആദരിക്കപ്പെടുന്ന ലോകനേതാവായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. എല്ലാവരുടെയും നായകന്‍ ആകാന്‍ ആഗ്രഹിക്കുന്നവന്‍, ദാസനാകണമെന്ന തിരുവചനത്തിന്‍റെ ജീവിക്കുന്ന സാക്ഷ്യമായിരുന്നു ഫ്രാന്‍സിസ് പാപ്പ. കത്തോലിക്കാ സമൂഹത്തിന്‍റെ നേതാവും വിശ്വാസ ലോകത്തിന്‍റെ ആത്മീയാചാര്യനും ആകുമ്പോള്‍ തന്നെ  ലോകസമൂഹത്തിന്‍റെ ധാര്‍മിക ശബ്ദം കൂടിയായിരുന്നു ഫ്രാന്‍സിസ് പാപ്പ.

Post a Comment

Previous Post Next Post