പാലക്കാട്: കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ വധഭീഷണി. വാട്സാപ്പ് വഴിയാണ് വധഭീഷണി സന്ദേശം എത്തിയത്. ‘കയ്യില്‍ കിട്ടിയാല്‍ വേറെ രീതിയില്‍ കാണു’മെന്നാണ് ഭീഷണി അയച്ചിരിക്കുന്നത്. സന്ദേശം അയച്ച ഫോണ്‍ നമ്പറും ഭീഷണി സന്ദേശവുമുള്‍പ്പെടെ സന്ദീപ് വാര്യര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. യുഎഇ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്.
എസ്പിക്ക് അയച്ച പരാതിയില്‍ പാണക്കാട് കുടുംബത്തെയും മുസ്‌ലിം മതവിഭാഗങ്ങളെയും അവഹേളിക്കുന്ന തരത്തിലും വോയ്‌സ് മെസേജില്‍ പരാമര്‍ശങ്ങളുണ്ടെന്നും അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും സന്ദീപ് വാര്യര്‍ പറയുന്നു. കഴിഞ്ഞ രണ്ടുമൂന്ന് മാസങ്ങള്‍ക്കിടെ തന്റെ സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് കീഴില്‍ അസഭ്യവര്‍ഷം നടത്തുകയും മതവിദ്വേഷവും വര്‍ഗീയതയും ഉള്‍പ്പെട്ട കമന്റുകള്‍ ചെയ്യുകയും ചെയ്ത വ്യക്തികള്‍ക്കെതിരെ വരും ദിവസങ്ങളില്‍ നിയമ നടപടി സ്വീകരിക്കുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.