മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ ആൾതാമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. അത്തിപ്പറ്റ സ്വദേശി ഫാത്തിമയാണ് മരിച്ചത്. ഇവർ സമീപത്തെ വീട്ടിലെ ജോലിക്കാരിയാണെന്ന് പൊലീസ് പറഞ്ഞു. ഉടമ വിദേശത്തുള്ള വീട്ടിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണുള്ളത്. വാട്ടര്‍ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ടായിരുന്നു. മൂന്നു ദിവസം മുമ്പാണ് ആമയ്ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ഞായറാഴ്ച രാവിലെ 11 മണിയോടെ ആമകള്‍ക്ക് ഭക്ഷണം നല്‍കാന്‍ വാട്ടര്‍ടാങ്ക് തുറന്നപ്പോഴാണ് യുവതിയുടെ മൃദദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
യുവതിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും മരിച്ചത് ആരാണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വീട്ടുജോലിക്കാരിയായ ഫാത്തിമയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്. യുവതിയുടെ ദേഹത്ത് ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളുണ്ട്. രാവിലെ പത്തുമണിയോടെയാണ് ഫാത്തിമ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നാണ് വിവരം. സംഭവം ആത്മഹത്യ ആകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം ഉള്‍പ്പെടെ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.