നന്മണ്ട: കർഷകർക്ക് കണ്ണീർപ്പെയ്ത്തായി വേനൽമഴ. നന്മണ്ട ഗ്രാമപ്പഞ്ചായത്ത് ഏഴാം വാർഡിലെ യുവകർഷകനായ വയലോരം ഐലാടത്ത് പൊയിൽ ലാലു പ്രസാദിന്റെ രണ്ടേക്കർ കൃഷിയാണ് നശിച്ചത്. സമ്മിശ്ര കർഷകനായ ഈ യുവാവ് കഴിഞ്ഞ ഫെബ്രുവരിയിൽ ഒന്നരയേക്കർ സ്ഥലത്താണ് കറാച്ചി വത്തക്കക്കൃഷിയാരംഭിച്ചത്.
നല്ല ഉത്പാദനമുണ്ടായിരുന്ന വത്തക്ക വിഷു കഴിഞ്ഞ് വിളവെടുക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി വേനൽമഴ കടന്നുവന്നത്, കൃഷിയിടമാകെ വെള്ളത്തിലാണിപ്പോൾ, അരയേക്കറിൽ കണിവെള്ളരിയും മറ്റ് പച്ചക്കറികളുമാണ് കൃഷി ചെയ്തിരുന്നത്. പച്ചക്കറിക്കൃഷിയും വെള്ളത്തിലായി. കഴിഞ്ഞ കാലവർഷത്തിൽ 700-ഓളം നേന്ത്രവാഴകളാണ് നശിച്ചത്.
യുവാക്കൾക്കും മറ്റുകർഷകർക്കും മാതൃകയായ ലാലു പ്രസാദ് നാട്ടിലെ സംഘങ്ങളിൽനിന്ന് ലോണെടുത്താണ് കൃഷി നടത്തിവരുന്നത്. ഒന്നരലക്ഷംരൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.