നരിക്കുനി: സമൂഹത്തെ ആഴത്തിൽ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ജീർണതകളെ ധാർമിക ചിന്തകളെക്കൊണ്ട് പ്രതിരോധിക്കാൻ കഴിയണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ. സിഎം മഖാം ഉറൂസ് മുബാറക്കിന്റെ ദിക്റ് ദുആ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമങ്ങളും അനീതികളുമായി സ്വസ്ഥത നഷ്ടപ്പെടുത്തുന്ന വാർത്തകളാണ് വ്യാപകമായി പുറത്തുവരുന്നത്. എല്ലാ ഹീനകൃത്യങ്ങളുടെയും ഹേതുവായി ലഹരി ഒഴുകുകയാണ്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പുതുതലമുറയെ ലഹരിക്കടിമകളാക്കി മാറ്റാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്.
ലഹരിയുടെ ലോകത്തെ ഏറ്റവും വലിയ ഹബ്ബുകളിലൊന്നായി കേരളം മാറുമ്പോൾ ഓരോ വീട്ടുമുറ്റത്തേക്കും ഈ ദുരന്തം എത്തിനോക്കിക്കൊണ്ടിരിക്കുകയാണ്. യുവ സമൂഹത്തിൽ ധാർമിക മൂല്യങ്ങളുടെ വ്യാപനത്തിലൂടെ മാത്രമേ ഭീതിതമായ ഈ സാഹചര്യത്തെ മറികടക്കാൻ കഴിയുകയൂവെന്നും ആത്മീയ കേന്ദ്രങ്ങൾക്ക് ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കാനുണ്ടെന്നും തങ്ങൾ കൂട്ടിച്ചേർത്തു. മഖാം കമ്മറ്റി പ്രസിഡന്റ് എൻ.പി.എം സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷനായി.
നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട്, സഫ്വാൻ തങ്ങൾ ഏഴിമല, സയ്യിദ് ശാഹുൽ ഹമീദ് ജമലുല്ലൈലി, സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്‌ല്യാർ, ബാരി ബാഖവി, നാസർ ഫൈസി കൂടത്തായി, അബ്ദുൽ മജീദ് ബാഖവി, നൂറുദ്ദീൻ ഹൈത്തമി കാപ്പാട്, ടി.പി.സി മുഹമ്മദ് കോയ ഫൈസി, ഫൈസൽ ഫൈസി മടവൂർ, മഖാം കമ്മിറ്റി ജനറൽ സെക്രട്ടറി യു. ഷറഫുദ്ദീൻ, ഉറൂസ് കമ്മറ്റി കൺവീനർ വി.സി റിയാസ് ഖാൻ എന്നിവർ സംസാരിച്ചു.
തിങ്കളാഴ്ച രാവിലെ ആറു മുതൽ വൈകീട്ട് നാലുവരെ ഇടവേളകളില്ലാതെ നടക്കുന്ന അന്നദാനത്തോടെ അഞ്ചു ദിവസങ്ങളിലായി നടന്ന സിഎം മഖാം ഉറൂസ് മുബാറക്കിന് സമാപനമാവും.