Trending

വീട്ടിൽ പ്രസവത്തിനിടെ യുവതിക്ക് ദാരുണാന്ത്യം; ഭര്‍ത്താവിനെതിരെ യുവതിയുടെ വീട്ടുകാര്‍


മലപ്പുറം: മലപ്പുറത്ത് വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ചു. ചട്ടിപ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ അസ്മയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് യുവതി മരിച്ചത്. അസ്മയുടെ മൃതദേഹം ഭര്‍ത്താവ് സിറാജുദ്ദീന്‍ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് പൊലീസ് എത്തി മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സിറാജുദ്ദീനെതിരെ യുവതിയുടെ വീട്ടുകാര്‍ രംഗത്തുവന്നു. അസ്മയ്ക്ക് പ്രസവവേദന ഉണ്ടായിട്ടും യുവതിയെ ആശുപത്രിയിൽ എത്തിച്ചില്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ഇയാള്‍ക്കെതിരെ യുവതിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആലപ്പുഴ സ്വദേശിയാണ് ഇയാള്‍.

അതേസമയം, അസ്മ മരിച്ച വിവരം നാട്ടില്‍ ആരെയും അറിയിച്ചിട്ടില്ലെന്ന് വാടക വീടിന്റെ ഉടമ സൈനുദ്ദീന്‍ പറഞ്ഞു. കാസര്‍കോട് പള്ളിയില്‍ ജോലിചെയ്യുന്ന ആളെന്ന നിലയിലാണ് വീട് നല്‍കിയത്. അസ്മക്ക് വീട്ടില്‍ ചികിത്സ നടത്തിയതായി അറിവില്ല. ഒന്നര വര്‍ഷമായി വാടകയ്ക്ക് താമസിക്കാന്‍ തുടങ്ങിയിട്ടെങ്കിലും അയല്‍വാസികളുമായി വലിയ ബന്ധം ഉണ്ടായിരുന്നില്ലെന്ന് സൈനുദ്ദീന്‍ പറഞ്ഞു. അസ്മ മരിച്ച വിവരം നാട്ടില്‍ ആരെയും അറിയിച്ചിട്ടില്ലെന്ന് വാടക വീട്ടിന്റെ ഉടമ പറഞ്ഞു. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ ആറ് മണിക്കാണ് പ്രസവം നടന്നത്. മരിച്ചു എന്നറിഞ്ഞത് ഒൻപതു മണിക്കാണെന്ന് സിറാജുദ്ദീൻ പറഞ്ഞു. യുവതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തതിനെ തുടർന്ന് സിറാജുദ്ദീൻ ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post