Trending

കുന്ദമംഗലത്ത് ഓടികൊണ്ടിരിക്കുന്ന കാറിന് തീപ്പിടിച്ചു: ഒഴിവായത് വൻ ദുരന്തം

കുന്ദമംഗലം: കുന്ദമംഗലത്ത് ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അപകടം. ദേശീയ പാതയിൽ കുന്ദമംഗലം സിന്ദൂർ ടെക്സ്റ്റൈൽസിന് മുന്നിൽ വെച്ചാണ് അപകടം. കാറിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട കാറിലുണ്ടായിരുന്നവർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. സമീപത്തെ കടകളിൽ നിന്ന് ഫയർ എക്സ്റ്റിംഗ്ഷറും വെള്ളവും സംഘടിപ്പിച്ച് നാട്ടുകാരും പോലീസും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപടരുകയായിരുന്നു. 

അപകടം നടന്ന സ്ഥലത്തിനടുത്തായി രണ്ട് ട്രാൻഫോർമറുകൾ സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് തീ പടരാതിരുന്നത് കൂടുതൽ അപകടം ഒഴിവാക്കി. ചേവായൂർ സ്വദേശി സജീഷിന്റേതാണ് കാർ. ചെറിയ തകരാർ കണ്ടതിനെ തുടർന്ന് വെസ്റ്റ്ഹില്ലിലുള്ള ‘കിയ'യുടെ സർവീസ് സെന്ററിൽ പരിശോധനക്ക് നൽകിയതായിരുന്നു കാറെന്ന് സജീഷ് പറഞ്ഞു. പരിശോധനക്കായി സർവീസ് സെന്ററിലെ ജീവനക്കാർ കാർ ഓടിച്ചു പോകുമ്പോഴാണ് അപകടം. കാറിൽ സർവീസ് സെന്ററിലെ നാല് ജീവനക്കാരുണ്ടായിരുന്നു. എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വെള്ളിമാട്‌കുന്ന് ഫയർ സ്റ്റേഷനിൽ നിന്നെത്തിയ സ്റ്റേഷൻ ഓഫീസർ റോബി വർഗീസ്, സീനിയർ എസ്.എഫ്.ആർ.ഒ എൻ ബിനീഷ്, ഫയർ റസ്ക്യൂ ഓഫീസർമാരായ എം.പി സതീഷ്, കെ.അനീഷ് കുമാർ, ഇ.സുബിൻ, വി. ജിതിൻ, ഹോം ഗാർഡ് സുരേഷ് കുമാർ എന്നിവരാണ് തീ അണച്ചത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.കിരണിന്റെ നേതൃത്വത്തിൽ പോലീസെത്തിയാണ് ഗതാഗതം പൂർവ്വസ്ഥിതിയിലാക്കിയത്

Post a Comment

Previous Post Next Post