കോട്ടയം: ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ചുമക്കളും മരിച്ചു. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ.ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ഹൈക്കോടതിയിലും, പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചു വരുകയായിരുന്നു ജിസ്മോൾ. മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തിയ നിലയിൽ കുട്ടികളെ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ ചേർന്ന് നടത്തിയ തിരച്ചിലിലാണ് അമ്മയെ ആറ്റിറമ്പിൽ ആറുമാനൂർ ഭാഗത്ത് നിന്നും കണ്ടെത്തിയത്. തുടർന്ന് മൂന്നുപേരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് കണ്ണമ്പുര ഭാഗത്ത് നിന്നും ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടർ കണ്ടെത്തിയത്. സ്‌കൂട്ടറിൽ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കർ പതിച്ചിരുന്നു. മരണകാരണം സംബന്ധിച്ച് പോലീസ് അന്വേഷിച്ച് വരുന്നു.