ഇന്ന് മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ നിരവധി കാര്യങ്ങളിലാണ് മാറ്റം വരുന്നത്. ബാങ്ക് നിയമങ്ങൾ ഉൾപ്പടെ പലതും മാറുന്നുണ്ട്. ഏപ്രിൽ 1 മുതൽ രാജ്യത്തെ സാമ്പത്തിക മേഖലയിൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
പുതിയ വരുമാന നികുതി നിയമങ്ങൾ
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2025 ലെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ച പുതിയ വരുമാന നികുതി നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിയമങ്ങൾ അനുസരിച്ച്, പ്രതിവർഷം 12 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികൾക്ക് ഇനി ആദായ നികുതി അടയ്‌ക്കേണ്ടതില്ല. ശമ്പളം വാങ്ങുന്നവർക്ക് 75,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷനും ലഭിക്കും. ഇത് പ്രകാരം പുതിയ നികുതി സമ്പ്രദായത്തിൽ 12.75 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ നികുതി രഹിതരായി മാറും. ഇതുകൂടാതെ, പുതിയ നികുതി സമ്പ്രദായത്തിൽ നികുതി സ്ലാബുകളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
യുപിഐ നിയമങ്ങളിൽ സുരക്ഷാ മുൻകരുതൽ
നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസിന്റെ (UPI) സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഇന്ന് മുതൽ പ്രവർത്തനരഹിതമായ മൊബൈൽ ഫോൺ നമ്പറുകളിൽ നിന്നുള്ള യുപിഐ പേയ്‌മെന്റുകൾ സാധ്യമാകില്ല. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് പ്രവർത്തനരഹിതമായ നമ്പറുകൾ യുപിഐയിൽ നിന്ന് ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ എൻപിസിഐ ബാങ്കുകൾക്കും തേർഡ്-പാർട്ടി യുപിഐ സേവന ദാതാക്കൾക്കും (ഫോൺപേ, ഗൂഗിൾപേ) നൽകിയിട്ടുണ്ട്. നിങ്ങളുടെ യുപിഐ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പർ ദീർഘകാലമായി ഉപയോഗിച്ചിട്ടില്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെട്ട് അത് പുതുക്കുക.
ക്രെഡിറ്റ് കാർഡ് റിവാർഡുകൾ
എസ്ബിഐ, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് തുടങ്ങിയ ബാങ്കുകൾ അവരുടെ കോ-ബ്രാൻഡഡ് വിസ്‌താര ക്രെഡിറ്റ് കാർഡുകളിൽ മാറ്റം വരുത്തുകയാണ്. അതായത്, ഈ കാർഡുകളുടെ ടിക്കറ്റ് വൗച്ചറുകൾ, പുതുക്കൽ ആനുകൂല്യങ്ങൾ, മൈൽസ്റ്റോൺ റിവാർഡുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ ഏപ്രിൽ 18 മുതൽ നിർത്തലാക്കും.
മിനിമം ബാലൻസ്
രാജ്യത്തെ പ്രമുഖ ബാങ്കുകളായ എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക് എന്നിവ മിനിമം ബാലൻസ് പുതുക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതലായിരിക്കും ഇവ പ്രാബല്യത്തിൽ വരിക. മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിലിൽ ബാങ്കുകൾ പിഴ ഈടാക്കിയേക്കാം.
പോസിറ്റീവ് പേ സിസ്റ്റം (പിപിഎസ്)
ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി ബാങ്കുകൾ ഇപ്പോൾ പോസിറ്റീവ് പേ സിസ്റ്റം അവതരിപ്പിക്കാൻഒരുങ്ങുകയാണ്. 5000 രൂപയ്ക്ക് മുകളിലുള്ള ചെക്കുകൾക്ക് ഇനി ഈ രീതിയായിരിക്കും ബാങ്കുകൾ പിന്തുടരുക. ഈ ചെക്കുകൾ മാറുന്നതിന് ഉപഭോക്താക്കൾ ചെക്ക് നമ്പർ, തീയതി, പണം സ്വീകരിക്കുന്നയാളുടെ പേര്, തുക തുടങ്ങിയ വിശദാംശങ്ങൾ നൽകണം.
സേവിംഗ്‌സ് അക്കൗണ്ടിലെയും എഫ്‌ഡിയിലെയും പലിശ
ബാങ്കുകൾ തങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടിലെയുംഎഫ്‌ഡിയിലെയും പലിശകളിൽ മാറ്റം വരുത്തുന്നുണ്ട്. അതായത്, സേവിംഗ്സ് അക്കൗണ്ട് പലിശ ഇപ്പോൾ അക്കൗണ്ട് ബാലൻസിനെ ആശ്രയിച്ചിരിക്കും ഇതുവഴി ഉയർന്ന ബാലൻസുകൾക്ക്മികച്ച നിരക്കുകൾ നേടാൻ കഴിയും.
ഏകീകൃത പെൻഷൻ പദ്ധതി
കേന്ദ്ര സർക്കാർ 2024 ഓഗസ്റ്റിൽ ആരംഭിച്ച ഏകീകൃത പെൻഷൻ പദ്ധതി (UPS) പഴയ പെൻഷൻ പദ്ധതിക്ക് പകരം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ പെൻഷൻ നിയമം ഏകദേശം 23 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരെ ബാധിക്കും. ഈ പദ്ധതി പ്രകാരം, കുറഞ്ഞത് 25 വർഷത്തെ സേവന പരിചയമുള്ള ജീവനക്കാർക്ക് അവരുടെ അവസാന 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി ലഭിക്കും.
ജിഎസ്ടിയിലും സുരക്ഷാ ക്രമീകരണങ്ങൾ
ഇന്ന് മുതൽ ജിഎസ്ടി നിയമങ്ങളിലും മാറ്റങ്ങളുണ്ടാകും. ചരക്ക് സേവന നികുതി (GST) പോർട്ടലിൽ മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനായി മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ (MFA) നികുതിദായകർക്ക് നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ, 180 ദിവസത്തിൽ കൂടുതൽ പഴക്കമില്ലാത്ത അടിസ്ഥാന രേഖകൾക്ക് മാത്രമേ ഇനി ഇ-വേ ബില്ലുകൾ (EWB) ജനറേറ്റ് ചെയ്യാൻ സാധിക്കൂ.