കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം നിഷേധിച്ച് കോഴിക്കോട് ജില്ലാ കോടതിയും. ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് വിദ്യാർത്ഥികൾ ജില്ലാ കോടതിയെ സമീപിച്ചത്. കേസിൽ ആറ് പത്താം ക്ലാസ് വിദ്യാർത്ഥികളാണ് കുറ്റാരോപിതർ. ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്നും രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്നും ഷഹബാസിൻ്റെ പിതാവ് കോടതിയില്‍ ഉന്നയിച്ചിരുന്നു.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ജാമ്യം അനുവദിക്കരുതെന്നും ഷഹബാസിൻ്റെ കുടുംബം കോടതിയിൽ പറഞ്ഞു. വിദ്യാർത്ഥികള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ ഉള്‍പ്പെടെ സ്വാധീനിക്കുമെന്ന് പിതാവ് വ്യക്തമാക്കി. നിർഭയ കേസിലെ സുപ്രീംകോടതി പരാമർശം മുൻ നിർത്തി കുട്ടികൾക്ക് പ്രായപൂർത്തിയായില്ലെന്നത് പരിഗണിക്കരുതെന്നായിരുന്നു അഭിഭാഷകൻ വാദമുയർത്തിയത്. ഈ വാദങ്ങൾ അംഗീകരിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.