Trending

നന്മണ്ടയിൽ സ്ത്രീധനത്തിന്റെ പേരിൽ ഭര്‍തൃവീട്ടില്‍ യുവതിക്ക് പീഡനം


നന്മണ്ട: നന്മണ്ടയിൽ വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിൽ ശരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. കൊടുവള്ളി സ്വദേശി മണിക്കോത്ത് വീട്ടില്‍ അശ്വതി (27) യാണ് നന്മണ്ട സ്വദേശികളായ ഭര്‍ത്താവ് മിഥുന്‍, ഭര്‍തൃമാതാവ് മീന, ഭര്‍തൃപിതാവ് ഹരിദാസന്‍ എന്നിവര്‍ക്കെതിരെ ബാലുശ്ശേരി പോലീസിൽ പരാതി നല്‍കിയത്.

വിവാഹത്തിനുശേഷം സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരിലും, വീട്ടുപണി ആവശ്യങ്ങള്‍ക്കുമായി യുവതിയുടെ കൈയ്യില്‍ നിന്നും ഏകദേശം 24 പവനോളം സ്വര്‍ണം ഇവര്‍ വാങ്ങിച്ചതായും കൊടുത്ത സ്വര്‍ണം തിരിച്ചു ചോദിച്ച യുവതിയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മാനസികമായും ശരീരികമായും പീഡിപ്പിച്ചതായും യുവതി പറഞ്ഞു. പലപ്പോഴും ഭര്‍ത്താവും ഭര്‍തൃപിതാവും വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും മിഥുനും ഭര്‍തൃപിതാവ് ഹരിദാസനും ചേര്‍ന്ന് യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയും മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമം നടത്തുന്നതിനിടയില്‍ തടയാന്‍ ശ്രമിച്ച യുവതിക്ക് പരിക്കേറ്റതായും യുവതി പറഞ്ഞു. 

പീഡനം ഭയന്ന് സ്വന്തം വീട്ടിലേക്ക് പോയ യുവതിയെയും അഞ്ചുവയസ്സുള്ള മകളെയും ഒത്തുതീര്‍പ്പിന് വിളിച്ച് വാടകവീട്ടിലേക്ക് മാറിയശേഷവും മിഥുന്‍ മദ്യപിച്ചെത്തി ഉപദ്രവം തുടര്‍ന്നതായും അശ്വതി പറഞ്ഞു. ഉപദ്രവം വര്‍ധിച്ചതോടെ വാടകവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ മകളുടെ സ്വര്‍ണമോതിരം തിരികെ നല്‍കണമെന്നാവശ്യം ഉന്നയിച്ചുകൊണ്ട് മാത്രമാണ് പ്രതി വിളിച്ചിരുന്നതെന്നും ഏകദേശം ഒരുവര്‍ഷത്തോളമായി സ്വന്തം വീട്ടില്‍ കഴിയുന്ന യുവതിയെയും മകളെയും തിരിച്ചു വിളിക്കുകയോ ചെലവ് കാര്യങ്ങള്‍ അന്വേക്ഷിക്കുകയോ ഒന്നും തന്നെ ഭര്‍ത്താവും വീട്ടുകാരും ചെയ്തിരുന്നില്ലെന്നും യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ ബാലുശ്ശേരി പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post