താമരശ്ശേരി: താമരശ്ശേരിയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. താമരശ്ശേരി അമ്പായത്തോട് കയ്യേലിക്കൽ മുഹമ്മദ് ഷാനിഫ് (27), വയനാട് വെള്ളമുണ്ട കൊട്ടാരക്കുന്ന് കൊടക്കോടി നിബിൻ (32) എന്നിവരെയാണ് താമരശ്ശേരി എസ്ഐ ആർ.സി ബിജുവും റൂറൽ എസ്പിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.
വെള്ളിയാഴ്ച പുലർച്ചെ 3ന് താമരശ്ശേരി ടൗണിൽ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെയാണ് 0.89 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിലായത്. വിൽപനക്കായുള്ള നിരവധി സിപ് ലോക്ക് കവറുകളും ഇവരിൽ നിന്നും കണ്ടെത്തി. താമരശ്ശേരി- വയനാട് കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയിൽപ്പെട്ട ഇരുവരും മയക്കുമരുന്നിന് അടിമകളാണെന്ന് പൊലീസ് പറഞ്ഞു. വയനാട് സ്വദേശിയായ നിബിൻ താമരശ്ശേരിയിൽ വാടകയ്ക്ക് താമസിച്ചുവരികയാണ്.