Trending

നരിക്കുനിയിൽ വൻ ലഹരി ശേഖരം പിടികൂടി; കണ്ടെടുത്തത് 6 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നം

നരിക്കുനി: നരിക്കുനി മടവൂർ മുക്കിൽ വീട്ടിൽ സൂക്ഷിച്ച വൻ ലഹരി ശേഖരം പിടികൂടി. മടവൂർ മുക്ക് കിഴക്കേ കണ്ടിയിൽ മുഹമ്മദ് മുഹസിൻ (33) ൻ്റെ വീട്ടിൽ കൊടുവള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് 9750 പാക്കറ്റ് ഹാൻസ്, 1250 പാക്കറ്റ് കൂൾ ലിപ് എന്നിവ കണ്ടെടുത്തത്. പിടികൂടിയ ഉൽപ്പന്നങ്ങൾക്ക് ആറു ലക്ഷത്തിലധികം രൂപ വില വരും. ഇന്നലെ രാത്രി 11 മണിയോടെയാണ് വീട്ടിൽ പോലീസ് പരിശോധന നടത്തിയത്.

മുഹമ്മദ് മുഹസിൻ്റെ നരിക്കുനിയിലുള്ള ചെരുപ്പുകടയിൽ നിന്നും ഇന്നലെ ഉച്ചയ്ക്ക് പോലീസ് നടത്തിയ പരിശോധനയിൽ 890 പാക്കറ്റ് ഹാൻസ് പിടികൂടിയിരുന്നു. തുടർന്ന് പോലീസ് ഇയാളെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തതിൽ നിന്നാണ് വീട്ടിൽ പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതായുള്ള വിവരം ലഭിച്ചത്. നരിക്കുനിയിൽ ചെരുപ്പു കടയുടെ മറവിലായിരുന്നു ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയിരുന്നത്. കടയിൽ നിന്നും പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾക്ക് രണ്ടര ലക്ഷം രൂപയോളം വില വരും. 

മൂന്ന് മാസം മുൻപാണ് നരിക്കുനിയിൽ ചിക്കാഗോ ഫുട്‌വെയർ ആൻഡ് ബാഗ്‌സ് എന്ന സ്ഥാപനം ആരംഭിച്ചത്. കർണ്ണാടകയിൽ നിന്നും ലോറിക്കാർ മുഖേന എത്തിക്കുന്ന ഹാൻസ് കോഴിക്കോട് ജില്ലയിലെ മൊത്ത, ചില്ലറ വിൽപ്പനക്കാർക്ക് ഇയാളാണ് വിതരണം ചെയ്യുന്നത്. മുൻപും സമാനമായ രീതിയിൽ കുന്നമംഗലം പോലീസ് ആരാമ്പ്രത്തുള്ള ഇയാളുടെ സൂപ്പർമാർക്കറ്റിൽ നിന്ന് ഹാൻസ് പിടികൂടിയിരുന്നു. 

കൊടുവള്ളി ഇൻസ്പെക്ടർ അഭിലാഷ് കെ.പി, എഎസ്ഐമാരായ ബിജേഷ്, സുനിത, സീനിയർ സിപിഒ മാരായ അനൂപ് തറോൽ, രതീഷ്, വിപിൻദാസ്, സിപിഒ മാരായ ശ്രീനിഷ്, അനൂപ് തുടങ്ങിയവർ ചേർന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.

Post a Comment

Previous Post Next Post