Trending

ഇന്ത്യയുള്‍പ്പെടെ 14 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ നൽകുന്നത് നിര്‍ത്തിവെച്ച് സൗദി അറേബ്യ

റിയാദ്: ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നത് സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഏപ്രില്‍ 13 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ നിരോധനം ജൂണ്‍ പകുതി വരെ തുടരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. 

ഉംറ വിസ, ബിസിനസ് വിസ, ഫാമിലി വിസിറ്റ് വിസ എന്നിവയാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഹജ്ജ് തീര്‍ത്ഥാടനത്തില്‍ അനധികൃതമായി ആളുകള്‍ പങ്കെടുക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണമെന്നാണ് റിപ്പോര്‍ട്ട്. ഉംറ വിസയിലോ ഫാമിലി വിസിറ്റ് വിസയിലോ എത്തുന്ന നിരവധി വിദേശ പൗരന്‍മാര്‍ അനുമതിയില്ലാതെ ഹജ്ജില്‍ പങ്കെടുക്കുന്നതിനായി രാജ്യത്ത് നിയമവിരുദ്ധമായി അധികകാലം താമസിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പുതിയ നിര്‍ദ്ദേശപ്രകാരം വിദേശ പൗരന്‍മാര്‍ക്ക് ഏപ്രില്‍ 13 വരെ ഉംറ വിസയ്ക്ക് അപേക്ഷിക്കാം. ഏപ്രില്‍ 13ന് ശേഷം ഹജ്ജ് തീര്‍ത്ഥാടനം അവസാനിക്കുന്നത് വരെ പുതിയ ഉംറ വിസകള്‍ നല്‍കില്ല. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഈജിപ്റ്റ്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, ജോര്‍ദാന്‍, അള്‍ജീരിയ, സുഡാന്‍, എത്യോപ്യ, ടുണീഷ്യ, യെമന്‍, മൊറോക്കോ എന്നീ 14 രാജ്യങ്ങളിലെ പൗരന്‍മാരെയാണ് പുതുതായി ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണം ബാധിക്കുന്നത്.

Post a Comment

Previous Post Next Post