നാദാപുരം: ചെക്യാട് മാമുണ്ടേരിയിൽ നാലാം ക്ലാസുകാരൻ കിണറിൽ വീണ് മരിച്ചു. മാമുണ്ടേരി നെല്ലിയുള്ളതിൽ മുനവ്വറലി (10) യാണ് മരിച്ചത്. മാമുണ്ടേരിയിലെ മദ്രസയിൽ നിന്ന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ സമീപത്തെ പറമ്പിലെ ഗ്രില്ലിട്ട കിണറിന് മുകളിൽ കയറി മൾബറി പറിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കിണറിലേക്ക് വീഴുകയായിരുന്നു. ബുധനാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം.
മുനവ്വറലിക്ക് ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടൻ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളയം പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചെക്യാട് സൗത്ത് എംഎൽപി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മുനവറലി. പിതാവ്: ഹമീദ്. മാതാവ്: ഫാത്തിമത്തുൽ സലീമ.