Trending

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ; ഇവർക്കൊപ്പം ഒരു യുവാവും

മലപ്പുറം: താനൂരില്‍ നിന്ന് ഇന്നലെ കാണാതായ രണ്ട് പെണ്‍കുട്ടികളും മുംബൈയില്‍ എത്തിയതിന് തെളിവായി നിര്‍ണായക ദൃശ്യങ്ങള്‍. പെണ്‍കുട്ടികള്‍ മുംബൈയിലെ ഒരു സലൂണില്‍ പോയി മുടി വെട്ടിയതായുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. സലൂണ്‍ ജീവനക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെണ്‍കുട്ടികളുടെ കൈയില്‍ ആവശ്യത്തിന് പണമുണ്ടെന്ന് സലൂണ്‍ ജീവനക്കാരി പറഞ്ഞു. ഈ കുട്ടികള്‍ക്കൊപ്പം മുംബൈ വരെ മഞ്ചേരി സ്വദേശിയും യാത്ര ചെയ്തുവെന്നും വിവരമുണ്ട്. 

റഹീം അസ്ലം എന്നയാളാണ് മുംബൈ വരെ പെണ്‍കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നത്. ഇവര്‍ നേത്രാവതി എക്‌സ്പ്രസ്സില്‍ മൂന്നരയോടെ പന്‍വേലില്‍ വന്നിറങ്ങി. അവിടെ നിന്ന് സബര്‍ബന്‍ ട്രെയിനില്‍ സിഎസ്ടി റെയില്‍വേ സ്റ്റേഷനിലെത്തി. പിന്നീട് പെണ്‍കുട്ടികളുമായി പിരിഞ്ഞെന്ന് യുവാവ് അറിയിച്ചു. പെണ്‍കുട്ടികളെ തനിക്ക് ഇന്‍സ്റ്റഗ്രാം വഴി പരിചയമുണ്ടെന്നാണ് യുവാവ് അറിയിച്ചത്. താന്‍ കോഴിക്കോട് നിന്നാണ് കയറിയത്. ട്രെയിനില്‍ നിന്ന് യാദൃശ്ചികമായി കണ്ടെന്ന മട്ടിലാണ് യുവാവിന്റെ പ്രതികരണം. മുംബൈയില്‍ ഇയാള്‍ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.

ദേവദാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഫാത്തിമ ഷഹദ, അശ്വതി എന്നീ വിദ്യാര്‍ത്ഥികളെയാണ് ഇന്നലെ മുതല്‍ കാണാതായത്. താനൂര്‍ പൊലീസ് സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണ്. ഇന്നലെ പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിരുന്നില്ല. ഇരുവരും ഇന്നലെ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം.

Post a Comment

Previous Post Next Post