Trending

അത്തോളിയിൽ എംഡിഎംഎയുമായി കക്കോടി സ്വദേശിയായ യുവാവ് പിടിയില്‍


അത്തോളി: അത്തോളി വികെ റോഡില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കക്കോടി കിഴക്കുമ്മുറി സ്വദേശി പറയറുകുന്നത്ത് ഹാരിസാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ അത്തോളി കേന്ദ്രീകരിച്ച് ലഹരിവിതരണം ചെയ്തുവരുന്നതായി പ്രദേശത്ത് നിന്നും പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ലഹരി വിരുദ്ധ സ്‌ക്വാഡ് ഒരാഴ്ചയായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. 

ഹാരിസ് പുലര്‍ച്ചെ അത്തോളിയില്‍ എംഡിഎംഎ വില്‍ക്കാന്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചയുടനെ പേരാമ്പ്ര ഡിവിഎസ്പി വി.വി ലതീഷിന്റെ കീഴിലെ ലഹരിവിരുദ്ധ സ്‌ക്വാഡും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡംഗവും സ്ഥലത്തെത്തി പ്രതിയെ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് അത്തോളി എസ്ഐ രാജീവും സംഘവും കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇയാളില്‍ നിന്നും മാരക മയക്കുമരുന്നായ 0.910 ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെടുത്തു. പ്രതി സ്ഥിരമായി വന്‍തോതില്‍ എംഡിഎംഎ വാങ്ങി വില്‍പ്പന നടത്തുന്നയാളാണെന്നും നിരവധി സ്‌കൂള്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇയാള്‍ എംഡിഎംഎ വിതരണം ചെയ്യാറുണ്ടെന്നും പോലീസ് പറഞ്ഞു. ലഹരിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പേരാമ്പ്ര ഡിവൈഎസ്പി അറിയിച്ചു.

Post a Comment

Previous Post Next Post