താമരശ്ശേരി: പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ ജീവനെടുക്കാൻ മുൻപന്തിയിലുണ്ടായിരുന്നത് ഷഹബാസിന്റെ ഉറ്റസുഹൃത്തെന്ന് പിതാവ് ഇക്ബാൽ. തന്റെ വീട്ടിൽ ചായസൽക്കാരത്തിന് എത്തിയ കുട്ടി, ചായ കുടിച്ച ശേഷം വളരെ സന്തോഷത്തോടെ പോയ അതേ വിദ്യാർത്ഥി തന്റെ മകനെ ചതിച്ചു എന്ന് അറിഞ്ഞപ്പോൾ നെഞ്ച്പൊട്ടി പോയെന്നും പിതാവ് വികാരാധീനനായി പറഞ്ഞു.
ഷഹബാസിന്റെയും കുറ്റാരോപിതന്റെയും ഒരുമിച്ചുള്ള ചിത്രം ഇന്നലെയാണ് കണ്ടത്. കണ്ടപ്പോൾ തന്നെ താനും ഭാര്യയും ആകെ തകർന്നു പോയെന്നും പിതാവ് പറഞ്ഞു. തന്റെ മകൻ ഒരു തെറ്റുംചെയ്തിട്ടില്ല. ചെയ്തിരുന്നുവെങ്കിൽ ആക്രമണത്തിന് ഒരു കാരണമെങ്കിലും ഉണ്ടായിരുന്നേനേ. ഒരു കാര്യത്തിലും ഇടപെടാത്ത, ഒരു പ്രശ്നത്തിലും പോകാത്ത തന്റെ നിരപരാധിയായ മകനെ എല്ലാവരുംകൂടിച്ചേർന്ന് കൊലപ്പെടുത്തിയത് തനിക്കും കുടുംബത്തിനും താങ്ങാനാവുന്നില്ലെന്ന് പിതാവ് മനം നൊന്ത് പറയുന്നു.
ക്വട്ടേഷൻ സംഘത്തിലുള്ള ഗുണ്ടാത്തലവനാണ് ഒരു കുട്ടിയുടെ പിതാവ്. മറ്റ് കുട്ടികളുടെ വീട്ടുകാർക്കെല്ലാം നല്ല സ്വാധീനവും പൈസയും ഉള്ളവരാണ്. തങ്ങൾക്ക് സ്വാധീനമോ പണമോ ഇല്ല. എങ്ങനെ മുന്നോട്ടു പോകണമെന്ന് അറിയില്ല. എങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണന്നും ഷഹബാസിന്റെ പിതാവ് പറഞ്ഞു.