താമരശ്ശേരി: പത്താംക്ലാസുകാരന്‍ ഷഹബാസിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ കോഴിക്കോട് താമരശ്ശേരിയിലെ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ പൂട്ടാന്‍ നിര്‍ദ്ദേശം. ജില്ലാ വിദ്യാഭ്യാസ ഓഫീസർ താമരശ്ശേരി പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. കൃത്യമായ മേല്‍നോട്ടമില്ലാതെയും കുട്ടികളെ ഒരുതരത്തിലും നിയന്ത്രിക്കാതെയും അച്ചടക്കമില്ലാത്ത സംസ്കാരം ഇത്തരം ട്യൂഷന്‍സെന്‍ററുകള്‍ വളര്‍ത്തിയെന്നും, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വൈരം ഉണ്ടാക്കുന്ന തരം അന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഭീമമായ തുക ഫീസിനത്തില്‍ വാങ്ങിയെന്നും താമരശ്ശേരി ഡിഇഒയുടെ ഉത്തരവില്‍ ട്യൂഷന്‍ സെന്‍ററുകള്‍ക്കെതിരായി നടപടി സ്വീകരിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഇടിച്ചുകളയുകയും ചൂഷണത്തിന്‍റെ കേന്ദ്രങ്ങളായി മാറുകയും ചെയ്തുവെന്നും ഉത്തരവില്‍ കുറ്റപ്പെടുത്തുന്നു. തീര്‍ത്തും ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനമെന്ന നിലയില്‍ അനധികൃത ട്യൂഷന്‍ സെന്‍ററുകള്‍ അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഡിഇഒയുടെ ഉത്തരവില്‍ പറയുന്നത്. അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.