സു.ബത്തേരി: വയനാട് സുൽത്താൻ ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി ഉപയോഗിക്കുകയും വിൽക്കുകയും ചെയ്ത വിദ്യാർത്ഥികൾ പിടിയിൽ. ബത്തേരിയിൽ നിന്നുള്ള കോളജ് വിദ്യാർത്ഥികളാണ് പിടിയിലായത്. വിദ്യാർത്ഥികൾ കൂട്ടംകൂടി നിൽക്കുന്നതു കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് അടങ്ങിയ മിഠായി പൊലീസ് കണ്ടെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇതേ കോളജിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് ഇവ വിൽപ്പന നടത്തിയതെന്ന് പൊലിസിന് മനസ്സിലായി.
ഓൺലൈൻ ട്രേഡിങ് ആപ്പ് വഴിയാണ് മിഠായി വാങ്ങിയതെന്നാണ് വിദ്യാർത്ഥി പൊലിസിന് നൽകിയ മൊഴി. ഇവർക്കെതിരെ എൻഡിപിഎസ് ആക്ട് അനുസരിച്ച് കേസെടുത്തു. കഴിഞ്ഞ മൂന്ന് മാസമായി മിഠായി ഓൺലൈൻ വഴി വാങ്ങി വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നതായാണ് ചോദ്യം ചെയ്യലിൽ വിദ്യാർത്ഥി പറഞ്ഞതെന്നാണ് പൊലിസ് പറയുന്നത്. മിഠായി ഒന്നിന് 30 രൂപ എന്ന തോതിലായിരുന്നു വിൽപ്പന. എത്ര അളവിലാണ് മിഠായിയിൽ കഞ്ചാവ് ഉള്ളതെന്നാണ് സ്ഥിരീകരിക്കാനായി പിടിച്ചെടുത്ത മിഠായി പരിശോധനകൾക്ക് അയച്ചിരിക്കുകയാണ്.