മുക്കം: മുക്കം കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാംകുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. കൃഷി സ്ഥലത്ത് നിന്നും വീട്ടിലെത്തിയ സുരേഷ് ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സുരേഷിന്റെ കഴുത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയത്. ഇന്ന് രാവിലെ മുക്കത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യാഘാതമേറ്റെന്ന് തിരിച്ചറിഞ്ഞത്. വാഴകൃഷി ചെയ്യുന്നതിനിടെ കൃഷി സ്ഥലത്ത് വെച്ച് സുരേഷിന് സൂര്യാഘാതമേറ്റന്നാണ് പ്രാഥമികമായി മനസ്സിലാക്കാൻ സാധിക്കുന്നത്.
സമാനമായി മലപ്പുറത്തും കോന്നിയിലും രണ്ടുപേർക്ക് സൂര്യാഘാതമേറ്റിട്ടുണ്ട്. മലപ്പുറം തിരൂരങ്ങാടി ചെറുമുക്കിൽ ഹുസൈൻ(44) ആണ് പൊള്ളലേറ്റത്. വീടിന്റെ ടെറസിന് മുകളിൽ ജോലി ചെയ്യുന്നതിനിടെയാണ് ഹുസൈന് വലത് കയ്യിലും, കഴുത്തിലും സൂര്യാതാപമേറ്റത്. കോന്നി ഗ്രാമപ്പഞ്ചായത്ത് അംഗം കെ.ജി ഉദയനാണ് സൂര്യാഘാതമേറ്റ മറ്റൊരാൾ. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.