കോഴിക്കോട്: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി മലാപ്പറമ്പ് ജംഗ്ഷനിൽ നിർമ്മിച്ച ഓവർപാസ് ഇന്നലെ വൈകിട്ട് തുറന്നു. പുതിയ പാതയിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി. സന്തോഷം പങ്കുവച്ച് ജീവനക്കാരും നാട്ടുകാരും ലഡു വിതരണം നടത്തി. ഓവർപാസ് തുറന്നെങ്കിലും ഇന്നലെ വൈകിട്ട് വീണ്ടും അടച്ചു. ഇന്നു മുതൽ വീണ്ടും പരീക്ഷണാടിസ്ഥാനത്തിൽ വാഹനം കയറ്റിവിടും. നാളെ പൂർണമായും തുറക്കാനാണ് തീരുമാനം. ദേശീയപാതയിൽ ജില്ലയിലെ ഏറ്റവും വലിയ ജംഗ്ഷനുകളിൽ ഒന്നാണ് മലാപ്പറമ്പ്.
കോഴിക്കോട്-ബംഗളൂരു ദേശീയപാതയും രാമനാട്ടുകര-വെങ്ങളം ദേശീയപാതയും ചേരുന്ന ജംഗ്ഷനാണിത്. 104 ദിവസം കൊണ്ടാണ് ഇവിടെ ഓവർപാസ് പൂർത്തിയാക്കിയത്. ഇന്നലെ വൈകിട്ട് 4ന് ട്രാഫിക് എസിപി എ.ജെ.ജോൺസൺ, എസിപി കെ.എ സുരേഷ്ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ദേശീയപാത നിർമ്മാണ കമ്പനി പ്രതിനിധികളുമെത്തി. സ്ഥലത്ത് പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് 4.30 ഓടെ തുറന്നു നൽകിയത്.
ഗതാഗത നിയന്ത്രണം
മലാപ്പറമ്പ് ജംക്‌ഷനിലെ സർവീസ് റോഡുകളുടെ സംരക്ഷണ ഭിത്തി നിർമാണം നാളെ തുടങ്ങും. ഇതോടെ കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് നിലവിൽ ഉപയോഗിച്ചിരുന്ന ഇടതുവശത്തെ (കിഴക്കുവശം) സർവീസ് റോഡിലേക്കുള്ള പ്രവേശനം പൂർണമായും നിർത്തും. ഈ വാഹനങ്ങൾ വലതുവശത്തെ സർവീസ് റോഡ് വഴി പാലത്തിലേക്ക് കയറും. ഈ സർവീസ് റോഡ് രണ്ടുവരിയായി മാറും. കണ്ണൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പാലത്തിൽ കയറി വയനാട് റോഡ് ഭാഗത്തേക്ക് സഞ്ചരിച്ച് മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡ് ജംക്‌ഷനു സമീപം എത്തും. ഇവിടെനിന്ന് യു-ടേൺ എടുത്ത് തിരികെ പാലത്തിലേക്ക് കയറുകയും രാമനാട്ടുകര ഭാഗത്തേക്ക് പോകുകയും ചെയ്യും. രാമനാട്ടുകര ഭാഗത്തേക്ക് വലതുവശത്തുള്ള സർവീസ് റോഡും പൂർണമായും അടയ്ക്കും. ഇവിടെയും പാലത്തിൽ കയറിയിറങ്ങി ഇടതുവശത്തെ സർവീസ് റോഡ് വഴിയാണ് വാഹനങ്ങൾ പോകുക.
വലിയ വാഹനങ്ങൾ വഴി തിരിച്ചുവിടും.
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി വയനാട് ഭാഗത്തുനിന്നുള്ള വലിയ വാഹനങ്ങൾ പൂളക്കടവ് ജംക്‌ഷനിൽനിന്ന് ഇടത്തോട്ടു തിരിച്ചുവിടും. പുതിയ ബൈപാസിലൂടെ ഇരിങ്ങാടൻപള്ളി ജംക്‌ഷനിലെത്തുന്ന ഈ വാഹനങ്ങൾ ചേവരമ്പലം വഴി ദേശീയപാതയിലേക്ക് പോകണം.
ഫിനിഷിംഗ് ടച്ച് മേയ് 10ന് അകം.
മലാപ്പറമ്പ് ജംക്‌ഷനിൽനിന്ന് തൊണ്ടയാട് ഭാഗത്തേക്കുള്ള റോഡിന്റെ നിർമാണം മേയ് പത്തോടെ പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം. ഈ ഭാഗത്തെ മണ്ണെടുത്ത് മാറ്റണം. ചേവരമ്പലം ഭാഗത്തുനിന്ന് റോഡിനടിയിലൂടെയുള്ള പൈപ്പ് മാറ്റി സ്ഥാപിക്കണം. ഇതിനു ശേഷമേ റോഡ് നിർമാണം പൂർത്തിയാക്കാനാവൂ.
കുരുക്കു നോക്കി നിയന്ത്രണം.
ഓവർപാസ് ഇന്നലെ വൈകിട്ട് തുറന്നെങ്കിലും 2 ദിവസം പരീക്ഷണ ഓട്ടം നടത്താനാണ് ട്രാഫിക് പൊലീസിന്റെയും ദേശീയപാത അതോറിറ്റി അധികൃതരുടെയും തീരുമാനം. തിരക്കും ഗതാഗതക്കുരുക്കും പരിഗണിച്ചായിരിക്കും തുടർന്നുള്ള ഗതാഗതനിയന്ത്രണം തീരുമാനിക്കുക.
നിയന്ത്രണത്തിനു പൊലീസും സിഗ്നലും.
മലാപ്പറമ്പിൽ സിവിൽസ്റ്റേഷൻ റോഡ് തുടങ്ങുന്ന ഭാഗത്ത് താൽക്കാലിക റൗണ്ട് എബൗട്ട് നിർമ്മിച്ചിട്ടുണ്ട്. ഇതിനെ ചുറ്റിയാണ് വാഹനങ്ങൾ പോകുക. ഇവിടെ താൽക്കാലിക സിഗ്നൽ സംവിധാനം ഒരുക്കാൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഗതാഗതം നിയന്ത്രിക്കാൻ പൊലീസുണ്ടാകും. പാലത്തിൽ നിന്ന് സർവ്വീസ് റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ഇരു വശത്തും രണ്ടു ദിവസത്തിനകം മണ്ണിട്ട് അർധവൃത്താകൃതിയിൽ വീതി കൂട്ടാനും പൊലീസ് നിർദ്ദേശം നൽകി. സർവ്വീസ് റോഡിൽ നിന്ന് വാഹനങ്ങൾക്ക് സുഗമമായി പാലത്തിലേക്ക് കയറാനാണിത്.