കൂരാച്ചുണ്ട്: യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൂരാച്ചുണ്ട് കല്ലാനോട് സ്വദേശി കാവാറ പറമ്പില്‍ അതുല്‍ കൃഷ്ണനെയാണ് (24) കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ സി.ആര്‍ രാജേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്.
യുവതിയുടെ ഫോട്ടോ കൈക്കാലാക്കിയ പ്രതി ഇവ മോര്‍ഫ് ചെയ്ത് അമ്മയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാതിരിക്കാന്‍ 2,00,000 രൂപ ആവശ്യപ്പെട്ടു. ഇതോടെ അമ്മ സൈബര്‍ ക്രൈം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ്‌ഐ കെ.അബ്ദുല്‍ ജലീല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ലിനീഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ മാരായ വി.പി.ഷഫീഖ്, പി.ലിംന എന്നിവരും ഉണ്ടായിരുന്നു.