Trending

മുഹമ്മദ് ഷഹബാസിന് കണ്ണീരോടെ വിട നൽകി നാട്; പൊട്ടിക്കരഞ്ഞ് സുഹൃത്തുക്കൾ

താമരശ്ശേരി: താമരശ്ശേരിയിൽ വിദ്യാര്‍ത്ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം 3 മണിയോടെയാണ് താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ തറവാട് വീട്ടിൽ എത്തിച്ചത്. കിടവൂർ മദ്രസയിൽ പൊതുദർശനത്തിന് ശേഷം കെടവൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി. 

നൂറുകണക്കിന് പേരാണ് ഷഹബാസിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളുമുൾപ്പെടെ ഷബാസിനെ അവസാന നോക്കുകാണാൻ നിരവധി പേരാണ് എത്തിയത്. ഷഹബാസിന്റെ മൃതദേഹം എത്തിയതോടെ സുഹൃത്തുക്കൾ പൊട്ടിക്കരഞ്ഞു. മൃതദേഹത്തിനരികെ വാവിട്ട് കരഞ്ഞ സുഹൃത്തുക്കളെ ബലം പ്രയോഗിച്ചാണ് മാറ്റിയത്. 

അതേ സമയം ഞെട്ടിക്കുന്ന വിവരങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ ഷഹബാസിന്റ തലയോട്ടി തകര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായി തലച്ചോറിലടക്കം വ്യാപിച്ചിരുന്നു. വലതു ചെവിയുടെ മുകളിലാണ് പൊട്ടലുള്ളതെന്നും പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. തലയ്ക്ക് പിന്നിലേറ്റ അതിശക്തമായ അടിയാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കട്ടിയേറിയ ആയുധം ഉപയോഗിച്ചായിരുന്നു മര്‍ദ്ദനമെന്നാണ് പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

Post a Comment

Previous Post Next Post