പൂനൂർ: നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന വ്യാപകമാകുമ്പോഴും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതി. പൂനൂരിലും പരിസരപ്രദേശങ്ങളിലും പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ വൻതോതിലാണ് വിറ്റഴിയുന്നത്. കേളോത്തും പുനൂർ 19ഉം കേന്ദ്രീകരിച്ചാണ് കൂടുതൽ വിൽപ്പന. വിദ്യാർത്ഥികളടക്കം നിരവധി പേർ പുകയില ഉത്പന്നങ്ങളുടെ ഉപയോക്താക്കളാണ്. ഫോൺ വഴി 'ഓർഡർ' ചെയ്താണ് ആവശ്യക്കാർ ഇവിടെയെത്തുന്നത്.
ചില കടകൾക്ക് സമീപത്തും കെട്ടിടങ്ങളുടെ ഇടയിലും വിൽപ്പനക്കായി സ്റ്റോക്ക് ചെയ്യുന്ന ഉത്പ്പന്നങ്ങൾ കർണാടകയിൽ നിന്നാണ് എത്തിക്കുന്നത്. നേരത്തേ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ച് രഹസ്യമായാണ് ഇടപാട് നടന്നിരുന്നതെങ്കിൽ ഇപ്പോൾ സംസ്ഥാന പാതയോരത്തെ കടകളുടെ പിന്നാമ്പുറങ്ങളിലും പൂനൂർ അങ്ങാടി കേന്ദ്രീകരിച്ചും വിൽപ്പന നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇത്തരം ഉൽപ്പന്നങ്ങൾ അഞ്ചിരട്ടിവരെ വില ഈടാക്കിയാലും വാങ്ങാൻ ആളുണ്ടെന്നതാണ് പലരേയും വില്പന രംഗത്തേക്ക് ആഘർഷിക്കുന്നത്.
ലഹരിയുടെ ആദ്യപടിയായി ഇവ ഉപയോഗിക്കുന്ന കുട്ടികൾ പിന്നീട് കടുത്ത ലഹരിക്ക് അടിമപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. എക്സൈസും, പൊലീസും നിരോധിത പുകയില ഉൽപ്പന്ന വിൽപ്പന തടയാൻ നടപടിയെടുക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. അഞ്ചുവർഷം മുമ്പ് ഇവിടത്തെ ഒരു വിൽപ്പനക്കാരനെ പുകയില ഉത്പന്നങ്ങളുടെ 1500 പാക്കറ്റ് സഹിതം എക്സൈസ് പിടികൂടിയെങ്കിലും പെട്ടെന്നുതന്നെ ഇയാൾ ജാമ്യത്തിലിറങ്ങി. കർശ്ശന നടപടികൾ ഉണ്ടാകാത്തതാണ് വിൽപ്പന തകൃതിയായി തുടരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
പൂനൂരിൽ മയക്കുമരുന്നു വിപണനവും ഉപയോഗവും വർദ്ധിച്ചു വരുന്നതിൽ ഐഎൻടിയുസി പൂനൂർ യൂനിറ്റ് ആശങ്ക രേഖപ്പെടുത്തി. സാമൂഹിക വിരുദ്ധർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അങ്ങാടിയുടെ പിന്നാമ്പുറങ്ങളിൽ യൂനിഫോം ധരിച്ച വിദ്യാർത്ഥികളുടെ സാന്നിധ്യം കൂടിവരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നതായും യോഗം വിലയിരുത്തി.