താമരശ്ശേരി: മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യാസിര്‍ കടുത്ത മാനസിക വൈകൃതമുള്ള വ്യക്തി. യാസിറുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയ ഭാര്യ ഷിബിലയുടെ വസ്ത്രങ്ങള്‍ കത്തിച്ച് ചിത്രമെടുത്ത് ഇയാള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി. ഷിബില ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു സംഭവം. പൊലീസില്‍ നല്‍കിയ പരാതിയില്‍ യാസിറിനെതിരെ ഷിബില ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്.
കഴിഞ്ഞ മാസം 28നായിരുന്നു ഷിബില യാസിറിനെതിരെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തങ്ങളുടേത് സ്വന്തം ഇഷ്ടപ്രകാരമുള്ള രജിസ്റ്റര്‍ വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം യാസര്‍ ഉപദ്രവിക്കുന്നതും തെറി വിളിക്കുന്നതും പതിവാക്കി. ആക്രമണം പതിവായതോടെ മധ്യസ്ഥത വഹിച്ചാണ് മുന്നോട്ടുപോയത്. എന്നാല്‍ ഫെബ്രുവരിയുടെ തുടക്കത്തില്‍, തന്നെ വീട്ടില്‍ നിന്ന് അടിച്ചിറക്കി. ഇതേ തുടര്‍ന്ന് താന്‍ സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. തന്റെയും മകളുടേയും വസ്ത്രങ്ങള്‍ പോലും എടുക്കാന്‍ അനുവദിച്ചില്ല. തന്റെ മാതാപിതാക്കളോട് ആക്രോശിച്ചു. ഇതിന് യാസിറിന്റെ മാതാപിതാക്കളുടെ പിന്തുണയുണ്ടെന്നും ഷിബില പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
യാസിറിന്റെയും ഷിബിലയുടെയും സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹമായിരുന്നുവെന്ന് വാര്‍ഡ് മെമ്പര്‍ ബെന്നി പറഞ്ഞു. യാസിറുമായുള്ള വിവാഹത്തിന് ഷിബിലയുടെ മാതാപിതാക്കള്‍ക്ക് സമ്മതമായിരുന്നില്ല. യാസിറിന്റെ ചില വഴിവിട്ട ബന്ധങ്ങളായിരുന്നു മാതാപിതാക്കളെ പിന്നോട്ടടിപ്പിച്ചത്. വിവാഹം കഴിഞ്ഞ് അധികമാകും മുന്‍പ് തന്നെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളായി. അടുത്തിടെയാണ് ഷിബില സ്വന്തം വീട്ടിലേയ്ക്ക് വന്നതെന്നും മെമ്പര്‍ പറഞ്ഞു.
ഇന്ന് വൈകീട്ടാണ് ഈങ്ങാപ്പുഴ കക്കാട് അരുംകൊല നടന്നത്. ലഹരിയിലെത്തിയ യാസര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊല്ലുകയായിരുന്നു. നോമ്പ് തുറക്കുന്ന സമയത്തായിരുന്നു അരുംകൊല. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഷിബിലയുടെ മാതാവ് ഹസീനയ്ക്കും പിതാവ് അബ്ദുറഹ്‌മാനും വെട്ടേറ്റു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദു റഹ്‌മാന്റെ നില ഗുരുതരമാണെന്നാണ് വിവരം.