അത്തോളി: അത്തോളി അത്താണിയിൽ ബൈക്ക് ട്രാൻസ്ഫോമറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. അത്തോളിക്കാവ് കണ്ണച്ചം കണ്ടി മീത്തൽ അശ്വന്ത് (കണ്ണൻ-26) ആണ് മരിച്ചത്. കാൽമുട്ടിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കൊങ്ങനൂർ റൂട്ടിൽ മിൽമ പാൽ സൊസൈറ്റിക്ക് സമീപം ഇക്കഴിഞ്ഞ 8ന് രാത്രി 11 മണിയ്ക്കായിരുന്നു അപകടം. ആനപ്പാറ കിഴക്കയിൽ ഉത്സവത്തിന് പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. നാലു ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന യുവാവിന് ഹൃദയാഘാതം ഉണ്ടാവുകയും വ്യാഴാഴ്ച രാവിലെ 10 മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു.
അത്താണി- കൊങ്ങന്നൂർ റോഡിന് വീതി കുറവാണ്. ട്രാൻസ്ഫോമറിനടുത്ത് റോഡ് കുറുകെ വെട്ടിപൊളിച്ച നിലയിലുമാണ്. ഇതിൽ വീഴാതിരിക്കാനുള്ള ശ്രമത്തിൽ പെട്ടെന്ന് ബൈക്ക് വെട്ടിച്ചപ്പോൾ ട്രാൻസ്ഫോറിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അശോകൻ-ശോഭ ദമ്പതികളുടെ ഏക മകനാണ് ടൈൽസ് തൊഴിലാളിയായ അശ്വന്ത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകീട്ടോടെ സംസ്കരിച്ചു.