ചേളന്നൂർ: ചേളന്നൂർ പാലത്ത് ബീഫ് സ്റ്റാളിൽ വില്പനക്ക് കൊണ്ടു വന്ന പോത്ത് വിരണ്ടോടി നിരവധി പേരെ കുത്തി പരിക്കേൽപ്പിച്ചു. പാലത്ത് നിന്ന് കുമാരസ്വാമി ഭാഗത്തേക്ക് ഓടിയ പോത്ത് നിരവധി നാശനഷ്ടവും വരുത്തി. മത്സ്യ കച്ചവടക്കാരനായ ഇസ്മായിൽ, തമിഴ്നാട് സ്വദേശിയായ ശേഖർ എന്നിവരെയാണ് പോത്ത് മാരകമായി കുത്തി പരിക്കേൽപ്പിച്ചത്. ശേഖർ കുമാരസ്വാമി മരമില്ലിലെ തൊഴിലാളിയാണ്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലത്തുകുളങ്ങരയിൽ വെച്ച് ഫയർഫോഴ്സിൻ്റെയും നാട്ടുകാരുടെയും ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പോത്തിനെ പിടികൂടാനായത്.