കൊച്ചി: ട്രെയിനില്‍ നിന്ന് വീണ് മരിച്ച ഇതര സംസ്ഥാനക്കാരന്റെ പണം കവര്‍ന്ന കേസില്‍ ഗ്രേഡ് എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. ആലുവ ഗ്രേഡ് എസ്‌ഐ യു. സലീമിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മരിച്ചയാളുടെ ബാഗ് അടക്കമുള്ള വസ്തുക്കള്‍ ബന്ധുക്കള്‍ക്ക് കൈമാറിയപ്പോഴാണ് കവര്‍ച്ച നടന്നെന്ന് മനസ്സിലായത്. സിസിടിവി അടക്കമുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് എസ്‌ഐ ആണ് ഇത് ചെയ്തത് എന്ന് സ്ഥിരീകരിച്ചത്. ഇതിന് മുന്‍പും ഗ്രേഡ് എസ്‌ഐ ഇത്തരത്തില്‍ സാമ്പത്തിക അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്.
മാർച്ച് 19-നാണ് ചെന്നൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം ആലുവയിലേക്ക് വന്ന അസം സ്വദേശി ട്രെയിനില്‍ നിന്ന് വീണ് മരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്ന സമയത്ത് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അതിനൊപ്പം ഇയാളുടെ കൈയ്യിലുണ്ടായിരുന്ന ബാഗും മറ്റ് വസ്തുക്കളും സ്റ്റേഷനിലേക്ക് പൊലീസുദ്യോഗസ്ഥര്‍ കൊണ്ട് വന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാങ്കില്‍ നിന്നും 8000 രൂപ കണ്ടെത്തിയിരുന്നു.
എന്നാല്‍ പിന്നീട് ബാഗ് ഏറ്റുവാങ്ങുന്നതിനായി ബന്ധുക്കള്‍ സ്റ്റേഷനില്‍ എത്തുകയും ബന്ധുക്കള്‍ ബാഗ് പരിശോധിച്ചപ്പോള്‍ ബാഗിൽ ആകെ കണ്ടത് 4000 രൂപ മാത്രമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വഷണം നടത്തിയപ്പോഴാണ് ഈ ബാഗില്‍ നിന്നും 4000 രൂപ തട്ടിയത് ഗ്രേഡ് ഉദ്യോഗസ്ഥന്‍ തന്നെയാണെന്ന് മനസ്സിലായത്. പിന്നാലെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.