Trending

വിദ്യാര്‍ത്ഥിയുടെ മരണം; ഇന്‍സ്റ്റഗ്രാം ചാറ്റിന്റെ വാള്‍പേപ്പര്‍ 'സ്‌ക്വിഡ് ഗെയിം' ഡോള്‍, കൊലവിളി ചാറ്റ് പുറത്ത്


താമരശ്ശേരി: താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഇന്‍സ്റ്റഗ്രാം ചാറ്റിന്റെ വാള്‍പേപ്പര്‍ 'സ്‌ക്വിഡ് ഗെയിം' വെബ്‌സീരിസിലെ ഡോള്‍. കടുത്ത വയലന്‍സ് ഉള്‍ക്കൊള്ളുന്ന ദക്ഷിണ കൊറിയന്‍ സീരീസാണ് സ്‌ക്വിഡ് ഗെയിംസ്. അതിലെ ഡോളിന്റെ ചിത്രമാണ് ഗ്രൂപ്പ് ചാറ്റിന്റെ വാള്‍പേപ്പര്‍. ഈഗ്രൂപ്പിലാണ് ഷഹബാസിനെ താനിന്ന് കൊല്ലുമെന്നും ഒരാള്‍ മരിച്ചാല്‍ വലിയ വിഷയമല്ലെന്നും പൊലീസ് കേസെടുക്കില്ലെന്നും വിദ്യാര്‍ത്ഥി പറയുന്നത്.

'ഞാനിന്നൊരു കാര്യം പറയാം. ഷഹബാസിനെ ഞാനിന്ന് കൊല്ലും. പറഞ്ഞാല്‍ പറഞ്ഞപോലെയാണ്. ഓന്റെ കണ്ണ് ഒന്ന് പോയി നോക്ക്. കണ്ണൊന്നും ഇല്ല.', 'മരിച്ചു കഴിഞ്ഞാലും വലിയ വിഷയമില്ല. കേസൊന്നും ഉണ്ടാവില്ല. അവര്‍ ഇങ്ങോട്ട് വന്നതല്ലേ. കേസൊക്കെ തള്ളിപ്പോകും', എന്നും ഇന്‍സ്റ്റഗ്രാം ചാറ്റിലുണ്ട്. ഇന്‍സ്റ്റഗ്രാമിന് പുറമേ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയും സംഘര്‍ഷത്തിന് ആസൂത്രണം ചെയ്തുവെന്നും വിവരമുണ്ട്.

താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. എളേറ്റില്‍ വട്ടോളി എം.ജെ ഹയര്‍സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. 

സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജിവിഎച്ച്എസ്എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥികളെ ഇന്നലെ ജാമ്യക്കാര്‍ക്കൊപ്പം വിട്ടയച്ചു. നേരത്തെ വധശ്രമം ചുമത്തിയ കേസില്‍ ഇന്ന് ഐപിസി 302 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ കൂടി ചുമത്തും. ഗൂഢാലോചന കണ്ടെത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും കൊല്ലപ്പെട്ട ഷഹബാസിന്റെ കുടുംബം ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post