Trending

അതിജീവനത്തിന്റെ ശില; മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്കുള്ള ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി തറക്കല്ലിട്ടു


കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് ആശ്വാസമായി ഉയരുന്ന ടൗൺഷിപ്പ്‌ നിർമാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. കൽപ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലായിരുന്നു പരിപാടി. പ്രിയങ്കാ ഗാന്ധി എംപി, റവന്യൂ മന്ത്രി കെ.രാജൻ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ , പി.കെ കുഞ്ഞാലിക്കുട്ടി, വിവിധ മന്ത്രിമാർ ജില്ലയിൽ നിന്നുള്ള എംഎൽഎമാർ തുടങ്ങി മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിന്റെ ഭാഗമായി. 

ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഏഴു മാസങ്ങൾക്കിപ്പുറമാണ് മാതൃക ടൗൺഷിപ്പ്‌ ഉയരുന്നത്. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗൺഷിപ്പ് നിർമ്മാണം. 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയിൽ ക്ലസ്റ്ററുകളിലായാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർ ഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. ഒറ്റനിലയില്‍ പണിയുന്ന കെട്ടിടം ഭാവിയില്‍ ഇരുനിലയാക്കാൻ കഴിയുന്ന അടിത്തറയോടെയാണ് പണിയുന്നത്. പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ളതായിരിക്കും അടിത്തറ.

ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ മൾട്ടി പർപ്പസ്‌ ഹാൾ, ലൈബ്രറി എന്നിവ ടൗണ്‍ഷിപ്പിൽ നിര്‍മ്മിക്കും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന- വാക്സിനേഷന്‍-ഒബ്സര്‍വേഷന്‍ മുറികള്‍, മൈനര്‍ ഓപ്പറേഷൻ തിയറ്റർ, ഒപി ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിക്കും. ആറുമാസം കൊണ്ട്‌ പ്രവൃത്തി പൂർത്തിയാക്കും. ടൗൺഷിപ്പിലേക്ക്‌ വരാത്ത കുടുംബങ്ങൾക്ക്‌ 15 ലക്ഷം രൂപവീതം നൽകും.

Post a Comment

Previous Post Next Post