പത്തനംതിട്ട: പത്തനംതിട്ട കൂടലിൽ ഭാര്യയെയും ആൺ സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈഷ്ണവിയുടെ ഭർത്താവ് ബൈജു കസ്റ്റഡിയിൽ. അയൽവാസിയായ വിഷ്ണുവിന്റെ വീട്ടിൽ ആയിരുന്നു കൊലപാതകം. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയം.
കൊലപാതകം നടത്തിയ ബൈജു സുഹൃത്തിനെ വിവരമറിയിച്ചു. തുടർന്ന് സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിഷ്ണുവും ബൈജുവും ഒരുമിച്ച് പഠിച്ചവരായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ വൈഷ്ണവി മരിച്ചു. വിഷ്ണുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. വിഷ്ണുവിന്റെ തലയിൽ എട്ടോളം വെട്ടുകൾ ഏറ്റിട്ടുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പത്തനംതിട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.