Trending

താനൂരിൽ പെണ്‍കുട്ടികൾ നാടുവിട്ട സംഭവം; കൂടെ യാത്ര ചെയ്ത യുവാവ് അറസ്റ്റിൽ


മലപ്പുറം: താനൂരില്‍ നിന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ നാടുവിട്ട സംഭവത്തില്‍ കുട്ടികള്‍ക്കൊപ്പം യാത്രചെയ്ത യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീമിനെ(26)യാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. 

ശനിയാഴ്ച രാവിലെയോടെയാണ് യുവാവിനെ താനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ ഇയാളെ താനൂരില്‍നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. താനൂര്‍ ഡിവൈഎസ്പി പി.പ്രമോദിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടികള്‍ യുവാവിനെ പരിചയപ്പെട്ടത്. വസ്ത്രങ്ങളുടെയും മറ്റും വ്യാപാരത്തില്‍ ഇടപെട്ട് മുംബൈയില്‍ നല്ല പരിചയമുള്ളയാളാണ് യുവാവ്. കുട്ടികളുടെ നിര്‍ബന്ധം കൊണ്ടാണ് ഒപ്പം കൂടിയതെന്നാണ് യുവാവ് പറഞ്ഞത്.

ബുധനാഴ്ച ഉച്ചയ്ക്ക് പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടികൾ മുംബൈയിലെ ബ്യൂട്ടിപാർലറിൽ എത്തിയിരുന്നതായി വിവരം ലഭിക്കുന്നത്. അവിടെ നിന്ന് ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴാണ് പുണെയ്ക്കടുത്ത് ലോനാവാലയില്‍ വെച്ച് പെണ്‍കുട്ടികളെ ആര്‍പിഎഫ് കണ്ടെത്തിയത്. കുട്ടികൾ മുംബൈയിലെ ബ്യൂട്ടിപാർലറിൽ എത്തിയത് യാദൃശ്ചികമായാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post