ദുബായ്: ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. വിരാട് കോലിയുടെയും, ശ്രേയസ് അയ്യരുടെയും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് അനായാസം വിജയം നേടാനായത്. 98 പന്തില്‍ നിന്ന് അഞ്ച് ഫോറടക്കം 84 റണ്‍സെടുത്ത കോലിയാണ് ടീം ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യർ 62 പന്തിൽ 45 റൺസെടുത്ത് പുറത്തായി. 43 റൺസിനിടെ ഓപ്പണർമാരെ നഷ്‌ടമായ ഇന്ത്യയെ, മൂന്നാം വിക്കറ്റിൽ 111 പന്തിൽ 91 റൺസ് കൂട്ടിച്ചേർത്ത് കോലി-ശ്രേയസ് കൂട്ടുക്കെട്ടാണ് രക്ഷപ്പെടുത്തിയത്.
അഞ്ചാം ഓവറില്‍ തന്നെ ശുഭ്‌മന്‍ ഗില്ലിനെ (8) നഷ്ടമായി. ബെന്‍ ഡ്വാര്‍ഷ്യൂസ് ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത്തിനെ എട്ടാം ഓവറില്‍ കൂപ്പര്‍ കൊണോലി വിക്കറ്റിനു മുന്നില്‍ കുടുക്കി. 29 പന്തില്‍നിന്ന് 28 റണ്‍സെടുത്താണ് താരം മടങ്ങിയത്. കെ.എൽ. രാഹുൽ (34 പന്തിൽ 42), ഹാർദിക് പാണ്ഡ്യ (24 പന്തിൽ 28) എന്നിവരും ഭേദപ്പെട്ട നിലയില്‍ തിളങ്ങി.30 പന്തിൽ 27 റൺസെടുത്ത അക്‌സർ പട്ടേലിന്‍റെ പ്രകടനവും നിർണായകമായി.ഓസീസിനായി ആദം സാംപയും നേഥൻ എല്ലിസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ബെൻ ഡ്വാർഷിയൂസ്, കൂപ്പർ കോൺലി എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്റ്റീവ് സ്‌മിത്തിന്‍റേയും അലക്‌സ് കാരിയുടെയും അർദ്ധസെഞ്ച്വറികളുടെ ബലത്തിലാണ് ഓസീസ് 264 റണ്‍സ് നേടിയത്. 73 റൺസെടുത്ത സ്മിത്താണ് ടോപ് സ്കോറർ. അലക്‌സ് 60 റൺസെടുത്തു. ട്രാവിസ് ഹെഡ് (39), മാർനസ് ലാബുഷാഗ്നെ (29), ബെൻ ഡ്വാർഷ്യൂസ് (19), ജോഷ് ഇംഗ്ലിസ് (11), ഗ്ലെൻ മാക്സ്വെൽ (7) ,നഥാൻ എല്ലിസ് (10) , ആദം സാംപ (7) , തൻവീർ സംഘ (1). എന്നിവരാണ് സ്കോറർമാര്‍. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുള്ള ഇന്ത്യയുടെ മധുരപ്രതികാരം കൂടിയായി ഈ വിജയം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നാളെ നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയികളായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക. സ്കോര്‍ ഓസ്ട്രേലിയ 49.3 ഓവറില്‍ 264ന് ഓള്‍ ഔട്ട്, ഇന്ത്യ 48.1 ഓവറില്‍ 267-6.