താമരശ്ശേരി: പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്‍ അക്രമത്തിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെയും കേസെടുത്തേക്കും. 'സ്‌ക്വിഡ് ഗെയിം' നെറ്റ്ഫ്ളിക്സ് സീരീസിലെ യോങ്ഹീ പാവയുടെ ചിത്രം വാള്‍പേപ്പറാക്കിയ 'ടീം എര്‍മിലോന്‍സ്' പോലുള്ള ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പുകളില്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ അയച്ച് അക്രമത്തിന് നേതൃത്വം നല്‍കിയവരെ പ്രതി ചേര്‍ക്കാനുള്ള സാധ്യത ആരായുകയാണ് അന്വേഷണസംഘം.
അതേസമയം പ്രതികളില്‍ നിന്ന് പിടിച്ച് എടുത്ത മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. കണ്ണൂരിലെ റീജണല്‍ ഫൊറന്‍സിക് സയന്‍സ് ലാബിലേക്കാണ് താമരശ്ശേരി പോലീസ് അയച്ചത്. തെളിവുകളായി ശേഖരിച്ച ഇന്‍സ്റ്റഗ്രാമിലെ വ്യക്തിഗത, ഗ്രൂപ്പ് സന്ദേശങ്ങള്‍, സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ തുടങ്ങിയവ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അറിയുന്നതിനും, ശാസ്ത്രീയ സ്ഥീരീകരണത്തിനുമായാണ് നടപടി.
ഷഹബാസിനെ മര്‍ദ്ദിച്ചതില്‍ നേരിട്ട് പങ്കുള്ള 6 പേരാണ് നിലവില്‍ പ്രതിപ്പട്ടികയിലുള്ളത്. ഒടുവിലായി കസ്റ്റഡിയിലെടുത്ത ആറാമത്തെ വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയിരുന്നു. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നു നേരത്തേ പിടിയിലായ 5 വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലേക്കു മാറ്റി.