ബാലുശ്ശേരി: ബാലുശ്ശേരി ചിറക്കല്‍കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ലാവണ്യ ഹോം അപ്ലൈന്‍സ് ഷോപ്പില്‍ വന്‍ തീപിടുത്തം. രാത്രി 12 മണിയോടുകൂടിയാണ് തീപടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് തീ ആദ്യം കാണുന്നത്. ഇന്നലെ ക്ഷേത്രത്തില്‍ ഉല്‍സവത്തിന്റെ സമാപനമായിരുന്നു.10 മണിയോടെ കൊടിയിറക്കം കഴിഞ്ഞ് ഏതാണ്ട് ആളുകള്‍ ഒഴിഞ്ഞുപോയ സമയത്തായിരുന്നു സംഭവം. തീപിടുത്തത്തിൽ ഷോപ്പിലുള്ള സാധനങ്ങളെല്ലാം കത്തി നിശിച്ചു.
റംസാൻ തുടങ്ങിയ ശേഷം 6 മണിയോടെ കട അടയ്ക്കാറുണ്ട്. അല്ലാത്ത സമയങ്ങളിൽ 8 മണിയാണ് പതിവ്. ഇന്നലെ രാത്രി തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടയുടനെ വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു. ജീവനക്കാർ ഉടൻ സ്ഥലത്തെത്തി ഷോപ്പ് തുറന്ന് കൊടുത്ത ശേഷമാണ് തീയണക്കാനായത്. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും മറ്റും ഉള്ളതിനാല്‍ തീ ആളിപ്പടരുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.
നരിക്കുനി കൊയിലാണ്ടി, പേരാമ്പ്ര, മുക്കം ഫയര്‍സ്റ്റേഷനുകളില്‍ നിന്നായി ഏഴോളം ഫയര്‍ യൂണിറ്റ് എത്തി മൂന്നുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ആര്‍ഇസി സ്വദേശി മുഹമ്മദ് അടക്കം മൂന്നുപേര്‍ മാനേജിങ്ങ് പാര്‍ട്ണര്‍മാരായുള്ള ഷോപ്പാണിത്. തീപിടുത്തം സംബന്ധിച്ച് ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കുമെന്ന് മുഹമ്മദ് പറഞ്ഞു.