ചേളന്നൂർ: വീടിൻ്റെ അധാരം വെച്ച് ലോണെടുക്കുകയും അത് മറച്ചുവെച്ച് വീട് പണയത്തിന് നൽകി കബളിപ്പിച്ചതായി പരാതി. 10,50,000 രൂപ നൽകി പതിനൊന്ന് മാസത്തെ ഉടമ്പടിയിൽ പണയത്തിനെടുത്ത വീട്ടിൽ താമസമാക്കി രണ്ടുമാസം കഴിഞ്ഞപ്പോൾ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നുവെന്നും ബാങ്കിൽ മുപ്പത് ലക്ഷത്തോളം രൂപ ലോൺ എടുത്ത വിവരം മറച്ചുവെച്ചാണ് വീട്ടുടമസ്ഥൻ വീട് കൈമാറിയതെന്നാണ് പരാതി. ചേളന്നൂർ പഞ്ചായത്തിലെ പാലത്ത് അടുവാറക്കൽ സ്വദേശിയായ അബ്ദുൽ ഗഫൂറാണ് പരാതിക്കാരൻ. പന്നിയങ്കര പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ വി.പി വിനോദനെതിരെ കോഴിക്കോട് സൂപ്രണ്ട് ഓഫ് പോലീസിനാണ് പരാതി നൽകിയത്.
അബ്ദുൽ ഗഫൂർ കോഴിക്കോട് സൂപ്രണ്ട് ഓഫ് പോലീസിന് നൽകിയ പരാതിയുടെ പൂർണരൂപം: 'സാർ, ഇത് എൻ്റെ മൂന്നാമത്തെ പരാതിയാണ്.' പന്നിയങ്കര പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ വിനോദൻ വി.പി എന്ന ഉദ്യോഗസ്ഥൻ്റെ വീട്ടിൽ ഞാൻ പണയത്തിനാണ് താമസിക്കുന്നത് പണയസംഖ്യ 10,50,000 രൂപക്കാണ് അയാൾ വീട് കൈമാറിയത്. തരുന്നതിന് മുമ്പേ അയാൾ മുപ്പത് ലക്ഷത്തോളം രൂപ ലോൺ എടുത്തിരുന്നു. ചോളമണ്‌ഡലം എന്ന പ്രൈവറ്റ് ബാങ്കിൽ നിന്നെടുത്ത ലോണിന്റെ വിവരങ്ങൾ അയാൾ എന്നിൽ നിന്ന് മറച്ചുവച്ചു. ആ വീട്ടിൽ താമസം തുടങ്ങി രണ്ടു മാസം കഴിഞ്ഞപ്പോൾ ബാങ്കുകാർ വന്ന് ജപ്‌തി ചെയ്യുമെന്ന് പറഞ്ഞു. മൂന്ന് അടവ് തെറ്റിയിട്ടുണ്ട്. നിങ്ങൾ വീട് ഒഴിഞ്ഞ് തരണമെന്ന് പറഞ്ഞ് ഭീഷണി പെടുത്താൻ തുടങ്ങി. ആ പോലീസുകാരൻ മെഡിക്കൽ ലീവെടുത്ത് എട്ടു മാസത്തോളം മുങ്ങി നടന്ന് ഫോൺ വിളിച്ചാൽ എടുക്കാതെയും ഫോൺ ഓഫ് ചെയ്‌തും ഞങ്ങളെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. ബാങ്കുകാർ ഞങ്ങളെ ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു. ഇപ്പോൾ പതിനൊന്നു മാസം കഴിഞ്ഞു 2024 ജൂൺ 25-ാം തിയ്യതിക്ക് മുൻപ് മേൽപറഞ്ഞ പത്ത് ലക്ഷത്തി അൻപതിനായിരം രൂപ തരാമെന്ന് പറഞ്ഞിരുന്നു. അതു തരാതെ അയാൾ വീണ്ടും ബുദ്ധിമുട്ടിച്ചു. പിന്നീട് ഒരു മാസം കൂടി അവധി വേണം എന്ന് അയാൾ പറഞ്ഞതനുസരിച്ച് വീണ്ടും നീട്ടി കൊടുത്തു.
എന്നാൽ ഇപ്പോഴും അയാൾക്ക് പൈസ തരാൻ കഴിയില്ല എന്നാണ് അയാളുടെ ഭാര്യ പറയുന്നത്. ജൂലൈ 26 വരെ ഞങ്ങൾ അവധി നീട്ടി കൊടുത്തതാണ്. ഇപ്പോൾ നിങ്ങൾ പരാതി കൊടുക്കുകയോ കേസ് കൊടുക്കുകയോ ചെയ്‌താലും എനിക്ക് പ്രശ്‌നമില്ലെന്ന് അയാൾ പറഞ്ഞതായി അയാളുടെ ഭാര്യ പറഞ്ഞു. അത് റെക്കോർഡ് ആണ്. സാറിന് തന്ന ആദ്യ പരാതിയിൽ മൊഴിയെടുക്കാൻ കാക്കൂർ പോലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചിട്ടുണ്ടായിരുന്നു. അയാൾ പോയിട്ടില്ല. കേസിന് പോവാൻ എന്റെ കയ്യിൽ ഒരു പൈസപോലും ഇല്ല. ഞാൻ ആറു മാസമായി ജോലിക്ക് പോവാതെ വീട്ടിൽ തന്നെ കഴിയുകയാണ്. ദയവായി സാർ ഇതിൽ ഇടപെട്ട് ആ പോലീസ് ഉദ്യോഗസ്ഥനതിരെ ശക്തമായ നടപടി സ്വീകരിച്ച് അയാളിൽ നിന്ന് എനിക്ക് കിട്ടാനുള്ള പണവും എനിക്ക് വന്ന മാനസികവും, സാമ്പത്തികവും മായ നഷ്ടപരിഹാര തുക കൂടി വാങ്ങിച്ചുതരണമെന്നാണ് പരാതിയിൽ പറയുന്നത്.