Trending

താമരശ്ശേരി ഷഹബാസ് കൊലപാതകം; ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ


താമരശ്ശേരി: ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയിൽ. ഇതോടെ കുറ്റാരോപിതരുടെ എണ്ണം 6 ആയി. ഈ വിദ്യാർത്ഥിയെ സംഭവ സ്ഥലത്ത് കൊണ്ടുപോയി. പിന്നാലെ താമരശ്ശേരി സ്റ്റേഷനിലേക്ക് എത്തിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേരെ നേരത്തെ അറസ്റ്റ് ചെയ്യുകയും തുടർന്ന് ജുവൈനൽ ജസ്റ്റിസ് ഹോമിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്നലെ ഇവർ പത്താംക്ലാസ് പരീക്ഷ എഴുതുകയും ചെയ്തു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകൾ ഉയർത്തിയത്. 

അതിനിടെ, പ്രധാന പ്രതിയുടെ പിതാവിനെയും കേസില്‍ പ്രതി ചേര്‍ക്കാനാണ് കേസ് അന്വേഷിക്കുന്ന താമരശ്ശേരി പൊലീസിൻ്റെ തീരുമാനം. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് കൈമാറിയത് ഇയാളാണെന്ന നിഗമനത്തിലാണ് ഈ നീക്കം. ഇയാള്‍ താമരശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ പ്രതിയാണ്. ഇയാളുടെ ക്വട്ടേഷന്‍ രാഷ്ട്രീയ ബന്ധങ്ങളുടെ തെളിവും പുറത്ത് വന്നിരുന്നു. കേസിലെ പ്രതിയായ മറ്റൊരു വിദ്യാര്‍ത്ഥിയുടെ പിതാവ് പൊലീസ് ഡ്രൈവറാണ്. ജില്ലയിലെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ ഡ്രൈവറാണ് ഇയാളിപ്പോള്‍.

പ്രധാന പ്രതി ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കും കഴിഞ്ഞ വര്‍ഷം താമരശ്ശേരി സ്കൂളിലുണ്ടായ സംഘര്‍ഷത്തില്‍ വ്യക്തമായ പങ്കുണ്ടായിരുന്നു. അന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്ന ഇവര്‍ ട്യൂഷന്‍ കഴിഞ്ഞ് വരികയായിരുന്ന എട്ടാം ക്ലാസുകാരെ ആക്രമിക്കുകയും ഒരു വിദ്യാര്‍ത്ഥിനിക്ക് ഉള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post