കോട്ടയം: മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു. കോട്ടയം എസ്.എച്ച് മൗണ്ടിലാണ് സംഭവം. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സുനു ഗോപിക്കാണ് കുത്തേറ്റത്. പോലീസിനെ കണ്ടയുടൻ പ്രതി കയ്യിലിരുന്ന കത്തി വീശുകയായിരുന്നു. സുനുവിന്റെ ചെവിക്ക് പിന്നിലും താടിക്കുമാണ് കുത്തേറ്റത്. ചെവിക്ക് പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒളിവിൽ കഴിഞ്ഞിരുന്ന മോഷണക്കേസ് പ്രതി അരുൺ ബാബുവിനെ പിടികൂടുന്നതിനിടെയാണ് സംഭവം. കഴിഞ്ഞദിവസം മള്ളുശ്ശേരിയിൽ ഒറ്റയ്ക്ക് കഴിഞ്ഞ വീട്ടമ്മയെ ബന്ദിയാക്കി സ്വർണ്ണവും പണവും മോഷ്ടിച്ച കേസിലെ പ്രതിയാണ്. ഒരാഴ്ചയായി പോലീസ് അരുൺ ബാബുവിന് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. പൊൻകുന്നം പോലീസ് സ്റ്റേഷനിലെ സാമൂഹ്യവിരുദ്ധരുടെ പട്ടികയിലുള്ള ഇയാൾ നിരവധി ലഹരി കേസുകളിലും പ്രതിയാണ്.